മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.
മലയാളസിനിമയുടെ ചരിത്രത്തില്‍ ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങള്‍ ഇറങ്ങിയതും അതില്‍ എല്ലാത്തിലും ഒരാള്‍ തന്നെ നായകനായതും സി.ബി.ഐ സീരീസില്‍ മാത്രമാണ്. 2022ല്‍ പുറത്തിറങ്ങിയ സി.ബി.ഐ അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സേതുരാമയ്യരുടെ ആറാം വരവ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് എസ്.എന്‍. സ്വാമി.
സംവിധായകന്‍ കെ. മധുവിന് ആറാം ഭാഗം വേണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ തന്റെ കൈയില്‍ അതിനുള്ള കഥയില്ലെന്നും എസ്.എന്‍ സ്വാമി പറഞ്ഞു. പ്രേക്ഷകരെ ഹുക്ക് ചെയ്യുന്ന തരത്തിലുള്ള കഥ കിട്ടിയാല്‍ മാത്രമേ അടുത്ത ഭാഗം ചെയ്യുള്ളൂവെന്നും അല്ലാതെ ചെയ്യാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും സ്വാമി പറഞ്ഞു.
മധു മാത്രം ആഗ്രഹിച്ചാല്‍ മാത്രം സിനിമ നടക്കില്ലെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സീക്രട്ടിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍. സ്വാമി ഇക്കാര്യം പറഞ്ഞത്.
‘സി.ബി.ഐക്ക് ഇനിയൊരു തുടര്‍ഭാഗം എഴുതാന്‍ എനിക്ക് കഴിയില്ല. ഒരു പാര്‍ട്ട് കൂടി വേണമെന്ന് കെ.മധുവിന് ആഗ്രഹമുണ്ടെന്ന് കേട്ടു. പക്ഷേ അയാള്‍ മാത്രം ആഗ്രഹിച്ചാല്‍ പോരല്ലോ. പ്രധാന പ്രശ്‌നം പ്രേക്ഷകരെ മുഴുവന്‍ തൃപ്തിപ്പെടുത്തുന്ന ഒരു കഥ വേണം എന്നതാണ്. അങ്ങനെയൊരു കഥ കിട്ടാന്‍ ഇനി പാടാണ്. എല്ലാ ഭാഷയിലുമുള്ള എല്ലാ തരം സിനിമകളും ഇപ്പോള്‍ എല്ലാവര്‍ക്കും കാണാന്‍ പറ്റും. ആ സമയത്ത് നമ്മള്‍ അതിന്റെ മുകളില്‍ നില്‍ക്കുന്ന കഥ ചെയ്യണം.
അങ്ങനെയൊരു കഥ എനിക്കിനി കിട്ടുമോ എന്ന് അറിയില്ല. ചുമ്മാ ഒരു ആറാം ഭാഗം ചെയ്യാമെന്നുള്ള ചിന്തയില്‍ ചെയ്യാന്‍ പറ്റുന്ന സിനിമയല്ലല്ലോ സി.ബി.ഐ സീരീസ്. ഇത്രയും കാലം കൊണ്ട് സേതുരാമയ്യര്‍ ഉണ്ടാക്കി വെച്ച ഒരു ബ്രാന്‍ഡ് വാല്യു ഉണ്ട്. അത് കളയാന്‍ പാടില്ല. വേറെ ആരുടെയെങ്കിലും കഥയില്‍ കെ.മധു ആ സിനിമ ചെയ്യുന്നതില്‍ എനിക്ക് വിരോധമില്ല. ഇനി അഥവാ എനിക്ക് അങ്ങനെയൊരു കഥ കിട്ടിയാല്‍ അന്ന് ചെയ്യുമായിരിക്കും,’ എസ്.എന്‍. സ്വാമി പറഞ്ഞു.
Content Highlight: SN Swamy about sixth installment of CBI series