| Monday, 18th April 2022, 9:01 am

ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കൊണ്ടാണ് ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും ആ സിനിമക്ക് തിരക്കഥയെഴുതിയത്; സിനിമയുടെ സ്ട്രക്ചര്‍ പോരായിരുന്നു: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി.

1987ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ കഥാപാത്രമായ സാഗര്‍ ഏലിയാസ് ജാക്കിയെ പുനരാവിഷ്‌കരിക്കുകയായിരുന്നു ഈ സിനിമയിലൂടെ അമല്‍ നീരദ്.

എസ്.എന്‍. സ്വാമിയുടേതായിരുന്നു സാഗര്‍ ഏലിയാസ് ജാക്കിയുടെ തിരക്കഥ. ഇരുപതാം നൂറ്റാണ്ടിന്റെ തിരക്കഥയും സ്വാമിയായിരുന്നു രചിച്ചത്.

എന്നാല്‍ തനിക്ക് സാഗര്‍ ഏലിയാസ് ജാക്കിക്ക് വേണ്ടി തിരക്കഥയെഴുതാന്‍ താല്‍പര്യമില്ലായിരുന്നെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ അത് ചെയ്തതെന്നും പറയുകയാണ് എസ്.എന്‍. സ്വാമി.

സാഗര്‍ ഏലിയാസ് ജാക്കി എടുത്ത രീതിയില്‍ താന്‍ തൃപ്തനല്ലെന്നും സിനിമയുടെ സ്ട്രക്ചര്‍ ശരിയായിട്ടില്ലെന്നും ലോണ്‍ തിങ്കര്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ്.എന്‍. സ്വാമി പറഞ്ഞു.

”ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഗര്‍ ഏലിയാസ് ജാക്കി എന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ വന്നത്. പക്ഷെ, എന്നാലും എനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല അത് ചെയ്യാന്‍.

ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ എഴുതിയതാണ്. അങ്ങനെ എഴുതിയെങ്കിലും വിചാരിച്ച പോലെ ഐ ആം നോട്ട് ഹാപ്പി. എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സിനിമയുടെ ഫ്രഷ്‌നെസ് ഒന്നും അതിനില്ല.

അമല്‍ നീരദ് ഒരു ഡയറക്ടര്‍ എന്ന രീതിയില്‍ അത് മനോഹരമായി എടുത്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം കാര്യമില്ല. ബാക്കിയുള്ള സ്ട്രക്ചര്‍ ഒന്നും പോരായിരുന്നു.

ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമക്ക് സാഗര്‍ ഏലിയാസ് ജാക്കിയില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ പ്ലേസ് ചെയ്യാന്‍ പറ്റില്ല. അയാള്‍ക്ക് ഒരു കഥയേ ഉള്ളൂ പറയാന്‍. ആ കഥ കഴിഞ്ഞു.

പിന്നെ നമ്മള്‍ കഥ പറഞ്ഞാല്‍ ആള്‍ക്കാര് വിശ്വസിക്കില്ല. ജയിലില്‍ പോയ ആള്‍ എങ്ങനെയാടാ പുറത്തുവന്നത് എന്ന് ചോദിക്കും.

വേണമെങ്കില്‍ ഞാന്‍ അത് ആത്മാര്‍ത്ഥതയില്ലാതെ ചെയ്തു എന്ന പറയാം. കാരണം എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ട് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല,” എസ്.എന്‍. സ്വാമി പറഞ്ഞു.

അതേസമയം, എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ സിനിമ സി.ബി.ഐ 5 ദി ബ്രെയിന്‍ റിലീസിന് തയാറെടുത്തിരിക്കുകയാണ്. കെ. മധുവാണ് സംവിധാനം.

Content Highlight: SN Swamy about Sagar Alias Jacky movie, Antony Perumbavoor, Mohanlal, Amal Neerad

We use cookies to give you the best possible experience. Learn more