മുപ്പത്തിയെട്ട് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ സജീവമായ തിരക്കഥാകൃത്താണ് എസ്.എന്‍. സ്വാമി. നാല് പതിറ്റാണ്ടിനോടടുക്കുന്ന തന്റെ കരിയറില്‍ നാല്പതിലേറെ സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി, സേതുരാമയ്യര്‍ സി.ബി.ഐ. തുടങ്ങി നിരവധി ഐകോണിക്ക് കഥാപാത്രങ്ങളെ എസ്.എന്‍. സ്വാമി വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എസ്.എന്‍. സ്വാമിയുടെ രചനയില്‍ കെ.മധു സംവിധാനം ചെയ്ത് 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയും സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ കഥാപാത്രവും അക്കാലത്തെ ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ഉദയത്തിനും ഈ സിനിമ വഴിവെച്ചു. കള്ളക്കടത്തുകാരനായ അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാഗര്‍ ഏലിയാസ് ജാക്കി എന്ന അധോലോക നായകന്റെ പിറവിവരുന്നത് താന്‍ പണ്ട് ഒരു മാസികയില്‍ കണ്ട ഹാജി മസ്താന്റെയും ദിലീപ് കുമാറിന്റെയും ചിത്രത്തില്‍ നിന്നാണെന്ന് പറയുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എസ്.എന്‍. സ്വാമി.
‘ദിലീപ് കുമാര്‍, ഹാജി മസ്താന്റെ കാലില്‍ പിടിക്കുന്ന ഫോട്ടോ ഞാന്‍ ഒരു മാഗസിന്റെ കവര്‍ പേജില്‍ കണ്ടു. ഞാന്‍ വിചാരിച്ചുവെച്ചിരുന്ന ദിലീപ് കുമാറിന്റെ ഇമേജ് ഉണ്ടായിരുന്നു. അദ്ദേഹം വരെ പോയി ഇയാളുടെ കാലില്‍ പിടിക്കണമെങ്കില്‍ ഈ ഹാജി മസ്താന്‍ ആരാണ്.
അപ്പോഴാണ് അധോലോക നായകന്മാര്‍ എത്ര പവര്‍ഫുള്‍ ആണെന്ന് ഞാന്‍ മനസിലാകുന്നത്. ഇരുപതാം നൂറ്റാണ്ട് സിനിമയില്‍ തന്നെ മാഗസിന്‍ കവര്‍ കാണിച്ച് കൊടുത്തിട്ട് ഒരു ഡയലോഗ് പറയുന്നുണ്ട്, ഇത് ഏതെങ്കിലും യങ്ങ് മാന്‍ കണ്ട് ടെംപ്റ്റഡ് ആയാല്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന്. അങ്ങനെയാണ് സാഗര്‍ ഏലിയാസ് ജാക്കി ഉണ്ടാകുന്നത്.’ എസ്.എന്‍. സ്വാമി പറയുന്നു.
എന്നാല്‍ സാഗര്‍ അലിയാസ് ജാക്കിയെ സാഗര്‍ ഏലിയാസ് ജാക്കി എന്നാക്കിമാറ്റിയത് മോഹന്‍ലാല്‍ ആണെന്ന് എസ്.എന്‍. സ്വാമി അഭിമുഖത്തില്‍ പറയുന്നു.
‘സാഗര്‍ അലിയാസ് ജാക്കി എന്നായിരുന്നു ആദ്യം ഇട്ടിരുന്ന പേര്. സാഗര്‍ എന്നത് വീട്ടിലെ പേരും ജാക്കി എന്നത് അധോലോകത്തിലെ പേരും. എന്നാല്‍ മോഹന്‍ലാലാണ് പറഞ്ഞത് നമുക്ക് സാഗര്‍ ഏലിയാസ് ജാക്കി മതിയെന്ന്. ഈ പേര് മതിയെന്ന് നിര്‍ബന്ധം പിടിച്ചതും അദ്ദേഹമാണ്.’ എസ്.എന്‍. സ്വാമി പറയുന്നു.
Content Highlight: SN Swamy About Mohanlal And sagar Elia jacky