| Tuesday, 5th November 2024, 5:10 pm

മമ്മൂട്ടി അങ്ങനെയൊരു സിനിമ ചെയ്യുമെന്നൊന്നും ആരും കരുതിയിട്ടില്ല: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ റിലീസായ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്‍ മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. ഭ്രമയുഗം പോലെ വെറും മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ മാത്രമുള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ ഇറങ്ങിയാല്‍ ഹിറ്റാകുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് സ്വാമി പറഞ്ഞു.

മമ്മൂട്ടിയുടെ പരീക്ഷണമായിരുന്നു ആ സിനിമയെന്നും അതിന്റെ സംവിധായകന്‍ വെറും ഒരു സിനിമ മാത്രമേ ചെയതിട്ടുള്ളുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. അവര്‍ രണ്ടുപേരുടെയും ബോള്‍ഡ്‌നെസ്സും കോണ്‍ഫിഡന്‍സുമാണ് അതിന് പിന്നിലെന്നും സ്വാമി പറഞ്ഞു.

ഇപ്പോള്‍ മലയാളത്തില്‍ ഇറങ്ങുന്നതില്‍ മള്‍ട്ടിസ്റ്റാര്‍ സിനിമകളോ സൂപ്പര്‍സ്റ്റാര്‍ സിനിമകളോ അല്ല കൂടുതലായി വിജയിക്കുന്നതെന്നും ചെറിയ സിനിമകളാണ് വലിയ വിജയമാകുന്നതെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു. ഗിരീഷ് എ.ഡിയുടെ പ്രേമലു, ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ അതിനുദാഹരണമാണെന്ന് സ്വാമി പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി.

‘മമ്മൂട്ടി ഈയടുത്ത് ചെയ്യുന്ന സിനിമകള്‍ പലതും വ്യത്യസ്തമായ അറ്റംപ്റ്റാണ്. ഭ്രമയുഗം എന്ന സിനിമ തന്നെയെടുക്കാം. വെറും മൂന്ന് ആര്‍ട്ടിസ്റ്റിനെ വെച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അങ്ങനെയൊരു സിനിമ മമ്മൂട്ടി ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? ആ പടത്തിന്റെ ഡയറക്ടര്‍ അതിന് മുമ്പ് ഒരൊറ്റ സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അയാളുടെയും മമ്മൂട്ടിയുടെയും ബോള്‍ഡ്‌നെസ്സും കോണ്‍ഫിഡന്‍സുമാണ് ആ പടം ചെയ്യാന്‍ കാരണം.

ഇപ്പോള്‍ ഇറങ്ങി ഹിറ്റാകുന്ന സിനിമകള്‍ പലതും സൂപ്പര്‍സ്റ്റാര്‍ പടങ്ങളോ മള്‍ട്ടിസ്റ്റാര്‍ പടങ്ങളോ ഒന്നുമല്ല. ഗിരീഷ് എ.ഡിയുടെ പ്രേമലു, ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള് ഹിറ്റായത് അതിന്റെ കണ്ടന്റ് കൊണ്ടാണ്. എവിടം വരെ ആ സിനിമയെത്തി എന്ന് നോക്കൂ. നല്ല കഥയാണെങ്കില്‍ മാത്രമേ വിജയിക്കൂ,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy about Mammootty’s script selection in recent times

We use cookies to give you the best possible experience. Learn more