Entertainment news
സി.ബി.ഐ അഞ്ചില്‍ ജഗതിയുണ്ടാകണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നു; എന്നാല്‍ അദ്ദേഹത്തിന്റെ റോള്‍ തീരുമാനിച്ചിരുന്നില്ല; അതിനൊരു കാരണമുണ്ട്: എസ്.എന്‍. സ്വാമി

സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

ജഗതി ശ്രീകുമാര്‍ സി.ബി.ഐ 5 ദ ബ്രെയിനില്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ജഗതി സി.ബി.ഐ അഞ്ചില്‍ ഉണ്ടാകണമെന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നു. കാരണം നമ്മുടെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു വിക്രം. അദ്ദേഹം കുറെ വര്‍ഷമായി താങ്ങില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാതെ വിഷമിച്ചിരിക്കുകയാണ്. ഒരുപക്ഷെ, തിരിച്ച് അദ്ദേഹത്തിന്‍ ലൈഫിലേക്ക് വരാന്‍ ഇത് പ്രചോദനമാവുകയാണെങ്കില്‍ അത് വലിയ കാര്യമാണ്.

ഞാന്‍ തന്നെയായിരുന്നു അക്കാര്യം പറഞ്ഞത്. പക്ഷെ ആ സമയത്തൊന്നും സിനിമയില്‍ ജഗതി ആരായിരിക്കണം, എന്തായിരിക്കണം എന്നൊന്നും ഞങ്ങളുടെ മനസിലില്ല. ജഗതി ഉണ്ടാവണം എന്ന് മാത്രമേ ഉറപ്പാക്കിയിരുന്നുള്ളൂ. ബാക്കിയെല്ലാം പിന്നെയാണ് തീരുമാനിച്ചത്.

ഇത് ആദ്യമേ തീരുമാനിക്കാന്‍ പറ്റാതിരുന്നതിന്റെ പ്രധാന കാരണം, പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ എന്തുമാത്രം ചെയ്യാന്‍ പറ്റും എന്ന് അറിയില്ലായിരുന്നു. നമ്മള്‍ പറഞ്ഞാല്‍ മനസിലാവുമോ, പ്രതികരിക്കാന്‍ പറ്റുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു.

അദ്ദേഹം വന്നതിന് ശേഷം നമ്മള്‍ പല ഐഡിയകളും ട്രൈ ചെയ്തു. എന്നിട്ട് അതില്‍ ഏതാണോ ചേരുന്നതെന്ന് തോന്നിയത്, അത് ഉപയോഗിക്കും. അങ്ങനെയാണ് അത് വര്‍ക്ക് ചെയ്തത്.

അങ്ങനെ ഒരുപാട് ഐഡിയകളൊന്നും വര്‍ക്ക് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ചെയ്യാന്‍ പരിമിതികളുണ്ടല്ലോ. പരസഹായം കൂടാതെ അദ്ദേഹത്തിന് ഇരിക്കാനോ നില്‍ക്കാനോ നടക്കാനോ ഒന്നും കഴിയില്ല. അങ്ങനെയുള്ള ആളെ വെച്ച് നമുക്ക് ഒരുപാടൊന്നും ട്രൈ ചെയ്യാന്‍ പറ്റില്ല.

ചില കാര്യങ്ങളില്‍ അദ്ദേഹം പെട്ടെന്ന് റിയാക്ട് ചെയ്യില്ല. ചിലത് പെട്ടെന്ന് റിയാക്ട് ചെയ്യും. പുള്ളി എക്‌സ്പ്രസ് ചെയ്തത് മനസിലാക്കിയിട്ടൊന്നുമല്ല. ചിലപ്പൊ റിയാക്ട് ചെയ്യുന്നത് നമ്മള്‍ ചോദിക്കുന്ന ചോദ്യത്തിനായിരിക്കില്ല, വേറെ എന്തെങ്കിലും ഉദ്ദേശിച്ചായിരിക്കും,” എസ്.എന്‍. സ്വാമി പറഞ്ഞു.

മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാം വട്ടവുമെത്തിയ ദ ബ്രെയിനില്‍ രണ്‍ജി പണിക്കര്‍, രമേഷ് പിഷാടരി, സായ്കുമാര്‍, ആശ ശരത്, മാളവിക മേനോന്‍, അന്‍സിബ, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Content Highlight: SN Swamy about Jagathy Sreekumar’s role in CBI 5 the Brain