| Sunday, 6th October 2024, 10:30 pm

മമ്മൂട്ടിയെക്കണ്ടാല്‍ മന്നാഡിയാരെപ്പോലെ തോന്നുന്നില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 1993ല്‍ റിലീസായ ധ്രുവം. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ചിയാന്‍ വിക്രം തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. കന്നഡ താരം ടൈഗര്‍ പ്രഭാകരനാണ് ചിത്രത്തിലെ വില്ലനായെത്തിയത്. വന്‍ വിജയമായി മാറിയ ചിത്രം ഇന്നും പലരും ആഘോഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തിനും പ്രത്യേക ആരാധകരുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച എസ്.എന്‍. സ്വാമിയാണ് ധ്രുവത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എസ്.എന്‍. സ്വാമി. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തിനെ ആദ്യം മേക്കപ്പ് ചെയ്തപ്പോള്‍ മമ്മൂട്ടിക്ക് ഒരു ചന്ദനക്കുറിയും വെള്ള ഔട്ട്ഫിറ്റുമായിരുന്നു കൊടുത്തതെന്ന് സ്വാമി പറഞ്ഞു. ആദ്യത്തെ ദിവസം ഷൂട്ട് തുടങ്ങിയപ്പോള്‍ ലൊക്കേഷനിലുണ്ടായിരുന്ന ഒരു സുഹൃത്ത് തന്നെ വിളിച്ചിരുന്നെന്നും മമ്മൂട്ടിയെക്കണ്ടാല്‍ മന്നാഡിയാരെപ്പോലെ തോന്നുന്നില്ലെന്ന് പറഞ്ഞെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

വെള്ള ജുബ്ബയും ചന്ദനക്കുറിയും കണ്ട് അമ്പലവാസി ടൈപ്പ് കഥാപാത്രമായി തോന്നുന്നെന്നും ആ ലുക്കില്‍ ജോഷി സാര്‍ തൃപ്തനായില്ലായിരുന്നെന്നും സ്വാമി പറഞ്ഞു. പിന്നീട് താന്‍ അവരെയെല്ലാം വിളിച്ച് ലൊക്കേഷനിലെത്തിയിട്ട് ശരിയാക്കാമെന്ന് ഉറപ്പ് കൊടുത്തെന്നും ആ കഥാപാത്രത്തിന് തന്റെ മനസിലുള്ള രൂപം കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ഓക്കെയായെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധ്രുവത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ നരസിംഹ മന്നാഡിയാറുടെ ഗെറ്റപ്പ് ഇപ്പോള്‍ കാണുന്നതുപോലെയായിരുന്നില്ല. ചന്ദനക്കുറിയൊക്കെ തൊട്ട് വെള്ള ഔട്ട്ഫിറ്റ് ഇട്ടിട്ടായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. ലൊക്കേഷനിലുണ്ടായിരുന്ന എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് ‘മമ്മൂട്ടിയെക്കണ്ടാല്‍ മന്നാഡിയാരെപ്പോലെ തോന്നുന്നില്ല, അമ്പലവാസിയായാണ് തോന്നുന്നത്’ എന്ന് പറഞ്ഞു. ജോഷി സാറിനെ വിളച്ചപ്പോള്‍ പുള്ളിയും അതുതന്നെ പറഞ്ഞു.

ഞാന്‍ ലൊക്കേഷനിലേക്കെത്തിയിട്ട് അത് ശരിയാക്കാമെന്ന് പറഞ്ഞു. ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ടു. പുള്ളിക്കും ആ ഗെറ്റപ്പ് അത്ര സുഖകരമായി തോന്നിയില്ല. ‘എനിക്കും ഇത് ശരിയായി തോന്നിയില്ല, ആദ്യത്തെ ദിവസം തന്നെ മമ്മൂട്ടി സെറ്റില്‍ ദേഷ്യപ്പെട്ടെന്ന് പറയണ്ട എന്ന് കരുതി മിണ്ടാതെയിരുന്നതാ’ എന്നാണ് മമ്മൂക്ക പറഞ്ഞത്. ആ ക്യാരക്ടറിനെപ്പറ്റി എഴുതിയപ്പോള്‍ നെറ്റിയില്‍ ഒരു കുറി എന്ന് മാത്രമേ എഴുതിയിരുന്നുള്ളൂ. അത് ചെയ്തുവന്നപ്പോള്‍ അങ്ങനെയായിപ്പോയതായിരുന്നു’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy about Dhruvam movie and Mammootty

We use cookies to give you the best possible experience. Learn more