താന്‍ ആദ്യമായി തീം മ്യൂസിക് കേള്‍ക്കുന്നത് ഇരുപതാം നൂറ്റാണ്ടിലാണെന്ന് പറയുകയാണ് എസ്.എന്‍. സ്വാമി. അങ്ങനെ ഒരു മ്യൂസിക് വേണമെന്ന് തങ്ങള്‍ സംഗീത സംവിധായകന്‍ ശ്യാമിനോട് സൂചിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി. ആ സിനിമ കണ്ടതും ശ്യാം മോഹന്‍ലാലിന് ഒരു തീം മ്യൂസിക് വേണമെന്ന് പറയുകയായിരുന്നു എന്നും അന്ന് എന്താണ് തീം മ്യൂസിക്കെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആദ്യമായി തീം മ്യൂസിക് തുടങ്ങുന്നത് ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സമയത്താണ്. അങ്ങനെയൊന്ന് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ആ സിനിമയിലായിരുന്നു. സത്യത്തില്‍ തീം മ്യൂസിക് വേണമെന്ന കാര്യം നമ്മള്‍ ശ്യാംജിയോട് പറഞ്ഞിരുന്നില്ല. അദ്ദേഹം തന്നെ ആ സിനിമക്കായി സ്വയം ഉണ്ടാക്കിയതാണ്.
ഇരുപതാം നൂറ്റാണ്ട് കണ്ടതോടെ അദ്ദേഹം ലാല്‍ സാറിന് ഒരു തീം മ്യൂസിക് വേണമെന്ന് പറയുകയായിരുന്നു. ആ സമയത്ത് സത്യത്തില്‍ എന്താണ് തീം മ്യൂസിക് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. അതിനെ കുറിച്ച് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ലെന്ന് പറയുന്നതാണ് സത്യം. സിനിമയില്‍ ആ കഥാപാത്രത്തിന് തീം മ്യൂസിക് ഉണ്ടെങ്കില്‍ ഒരു ഇംപാക്ട് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എനിക്ക് ഇപ്പോഴും ആ മ്യൂസിക് കേള്‍ക്കാന്‍ ഒരുപാട് ഇഷ്ടമാണ്. കാരണം അത് ആ സമയത്ത് ഒരുപാട് ആസ്വദിച്ചവരാണ് നമ്മളൊക്കെ. അതുകൊണ്ട് മനസിന്റെ ഉള്ളില്‍ നിന്ന് അങ്ങനെ എളുപ്പം മാഞ്ഞു പോകില്ല. ഒരുപാട് തവണ കേട്ട തീം മ്യൂസിക് ആണെങ്കിലും ഇപ്പോള്‍ കേള്‍ക്കുമ്പോഴും മികച്ച ആസ്വാദനമാണ് അത് നല്‍കുന്നത്,’ എസ്.എന്‍. സ്വാമി പറയുന്നു.
Content Highlight: SN Swami Talks About Music Director Shyam