കൊച്ചി: മമ്മൂട്ടിയുടെ അഭിനയ പാടവത്തെപ്പറ്റി മനസ്സുതുറന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. 2020 ല്‍ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമിയുടെ തുറന്നുപറച്ചില്‍. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഴിവിനെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നിരുന്നു.
സിനിമയെ പ്രണയിക്കുന്നയാളാണ് മമ്മൂട്ടിയെന്നും അതിനായി തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്നന്നേക്കുമായി ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.
‘മമ്മൂട്ടിയുടെ വളര്‍ച്ച എന്നത് കഥാപാത്രത്തിന്റെ കഴിവ് പോലെയിരിക്കും. മമ്മൂട്ടി അഭിനയിക്കുന്ന രീതിയല്ല മോഹന്‍ലാലിന്റേത്. മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും.
മമ്മൂട്ടി ആ കഥാപാത്രമായി മാറും. കഥാപാത്രത്തിന് ശക്തിയുണ്ടെങ്കില്‍ മമ്മൂട്ടിയ്ക്കും ശക്തിയുണ്ടാകും. കഥാപാത്രം ദുര്‍ബലമായാല്‍ മമ്മൂട്ടിയും വീക്ക് ആകും. അത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല.
സൂഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമെ ആ വ്യത്യാസം തിരിച്ചറിയാന്‍ പറ്റുകയുള്ളു. എനിക്ക് ഈ കാര്യം അറിയുമായിരുന്നില്ല. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. താനും മോഹന്‍ലാലും തമ്മില്‍ അഭിനയത്തില്‍ ഇങ്ങനെയൊരു വ്യത്യാസമുണ്ടെന്ന്.
അതുകൊണ്ട് തന്നെ മമ്മൂട്ടി വന്ന് ആദ്യ ദിവസം അഭിനയിക്കുന്നതും രണ്ടാമത്തെ ദിവസം അഭിനയിക്കുന്നതും തമ്മിലുള്ള വ്യത്യാസം വേഗം മനസ്സിലാകും. കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കഴിഞ്ഞാല്‍ പിന്നെ സ്വിച്ചിട്ട മാതിരി അയാള്‍ കഥാപാത്രമായി മാറിക്കോളും.
അതാണ് മമ്മൂട്ടിയുടെ ഒരു കഴിവ്. അയാള്‍ ഇപ്പോഴും എവര്‍ഗ്രീന്‍ ആയിട്ട് നില്‍ക്കുന്നത് അയാളുടെ ആവേശത്തിന്റെ ഭാഗമാണ്. സിനിമയാണ് അയാളുടെ ജീവിതം. സിനിമയാണ് അയാളുടെ നിശ്വാസം, ആശ്വാസം, ആഹാരം. സിനിമ അയാള്‍ക്ക് എല്ലാമാണ്.
അത്രയും സിനിമയെ സ്‌നേഹിക്കുന്നയാളാണ് മമ്മൂട്ടി. അയാള്‍ സിനിമയുമായി പ്രണയത്തിലാണ്. സിനിമയില്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാള്‍ ആ മേഖലയില്‍ തുടരാന്‍ ശാസ്ത്രീയമായ രീതിയില്‍ ലഭിക്കുന്നതെല്ലാം പരീക്ഷിക്കുകയും ചെയ്യും.
ഇഷ്ടപ്പെട്ട വിഭവങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ചു. ആഹാരങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ചു. ഞങ്ങള്‍ പരിചയപ്പെട്ട കാലത്ത് കഴിച്ച ആഹാരങ്ങള്‍ മമ്മൂട്ടി ഇന്ന് കാണുക പോലുമില്ല.
അത്ര സ്വാദോടെ ഇഷ്ടപ്പെട്ട് കഴിച്ചിരുന്നതൊന്നും മമ്മൂട്ടി ഇന്ന് കഴിക്കുന്നില്ല. ഒരു കാലഘട്ടത്തില്‍ സിഗരറ്റ് വലിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൊടാറില്ല അയാള്‍. സിനിമയോടുള്ള പ്രേമം കാരണമാണ് ഇതൊക്കെ ഉപേക്ഷിച്ചത്,’ എസ്.എന്‍ സ്വാമി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: SN Swami Talks About Mammootty’s Acting