| Saturday, 20th May 2023, 11:59 am

സി.ബി.ഐ. പോലെയുള്ള ചെറിയ സിനിമകൊണ്ട് എന്താവാനാണ്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരണം; ജഗതിയുടെ തിരിച്ചുവരവിനെ പറ്റി എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഒരു കഥാകൃത്താണ് എസ്.എന്‍.സ്വാമി. 40 വര്‍ഷം കഥാകൃത്ത് ആയി സിനിമയില്‍ പ്രവര്‍ത്തിച്ചശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറയിലാണ് എസ്.എന്‍. സ്വാമി.

ജഗതിയെ പറ്റിയുള്ള എസ്.എന്‍. സ്വാമിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുകയാണ്. ജഗതിയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥ വെച്ച് സി.ബി.ഐ സിനിമയിലുള്ളത് പോലെ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ആവര്‍ത്തനമുണ്ടാകുമെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം വരുകയാണെങ്കില്‍ ഇനിയും പ്രതീക്ഷിക്കാം എന്ന് യെസ് 27 എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എസ്.എന്‍.സ്വാമി പറഞ്ഞു.

‘ജഗതി ഇനിയും തിരിച്ചുവരാന്‍ ഉണ്ട്. സി.ബി.ഐ. പോലെ ഉള്ള ഈ ചെറിയ സിനിമകൊണ്ട് എന്താവാനാണ്. ജഗതിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷെ ജഗതിയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥ വെച്ച് സി.ബി.ഐ സിനിമയിലുള്ളത് പോലെ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഒരേ പോലെ തോന്നും. ആളുകള്‍ക്കൊരു പുതുമ ഉണ്ടാവുകയില്ല. അല്ലെങ്കില്‍ ഇതിലും വ്യത്യസ്തമായ ഒരു കഥാപാത്രം വരണം. അങ്ങനെ എന്തെങ്കിലും വരുകയാണെങ്കില്‍ ഇനിയും പ്രതീക്ഷിക്കാം,’ എസ്.എന്‍.സ്വാമി പറഞ്ഞു

സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് അങ്ങനെ ഭയങ്കരമായ ഒരു ബാലികേറാ മലയൊന്നുമല്ല സംവിധാനം. ഞാന്‍ ആരുടേയും കീഴില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി നിന്നിട്ടൊന്നുമില്ല. പക്ഷെ എഴുതുന്ന ഏതു സിനിമയും എന്റെ മനസില്‍ കണ്ടുകൊണ്ടാണ് എഴുതുന്നത്. ആ സിനിമയുടെ കറക്ഷനും എന്റെ മനസില്‍ തന്നെയാണ് നടക്കുന്നത്.

പിന്നെ ഒരു ഫൈനല്‍ ഔട്ട്പുട്ടിലേക്ക് പോകും. പക്ഷെ അങ്ങനെ ചെയ്യുന്നതാണ് കറക്റ്റ്. അപ്പോള്‍ തന്നെ നമുക്ക് ഒരു ഐഡിയയുണ്ട്. പിന്നെ ഷുട്ട് ചെയുമ്പോള്‍ അതുപോലെ തന്നെയാണോ വരുന്നത്, അതിന് എന്തെങ്കിലും പോരായ്മ ഉണ്ടോ എന്നൊക്കെ പറഞ്ഞുക്കൊടുക്കുവാന്‍ പറ്റും. ആര്‍ടിസ്റ്റിന്റെ സെലക്ഷനും സഹായിക്കാറുണ്ട്,’ എസ്.എന്‍.സ്വാമി പറഞ്ഞു.

Content Highlight: sn swami talks about jagathy’s return

We use cookies to give you the best possible experience. Learn more