| Wednesday, 31st July 2024, 12:18 pm

ആദ്യത്തെ ക്ലൈമാക്സ്‌ ആയിരുന്നുവെങ്കിൽ ആ മോഹൻലാൽ ചിത്രം ഇവിടെയൊന്നും നിൽക്കേണ്ട പടമല്ല: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളിൽ പ്രധാനിയാണ് എസ്.എൻ. സ്വാമി. അദ്ദേഹം തിരക്കഥയൊരുക്കിയ മിക്ക സിനിമകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1988ൽ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.

അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായ ചിത്രമായിരുന്നു ഇത്. കെ. മധു സംവിധാനം ചെയ്‌ത മൂന്നാംമുറ ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്സ്, രേവതി, മുകേഷ് എന്നിവരും പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

മൂന്നാംമുറയിൽ ഇപ്പോൾ കാണുന്ന ക്ലൈമാക്സ്‌ ആയിരുന്നില്ല മുമ്പ് തീരുമാനിച്ചിരുന്നതെന്ന് പറയുകയാണ് എസ്.എൻ.സ്വാമി.


ചിത്രത്തിന്റെ ആദ്യത്തെ ക്ലൈമാക്സിന് സെൻസർ ബോർഡ് അനുമതി തന്നില്ലെന്നും അതായിരുന്നു ക്ലൈമാക്സെങ്കിൽ മറ്റൊരു ലെവലിൽ എത്തേണ്ട ചിത്രമാണ് മൂന്നാംമുറയെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലേക്ക് ബാബു ആന്റണി എത്തിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിൽ എന്തെങ്കിലും പ്രത്യേകത കൊണ്ടുവരാനായി നമ്മൾ എപ്പോഴുമൊന്ന് മാറി ചിന്തിക്കും. അങ്ങനെയാണ് മൂന്നാംമുറയിൽ ബാബു ആന്റണി എത്തുന്നത്. അങ്ങനെ ഉണ്ടാവുന്നതാണ് അതെല്ലാം.

മൂന്നാംമുറയുടെ ആദ്യത്തെ ക്ലൈമാക്സിന് സെൻസർ തന്നില്ല. ആദ്യം ഞാൻ എഴുതിയ ക്ലൈമാക്സ് ആണെങ്കിൽ മൂന്നാംമുറ ഇവിടെയൊന്നും നിൽക്കേണ്ട പടമല്ല. അത് വേറെ എവിടെയെങ്കിലും എത്തിയേനെ. കാരണം അത്രയും ഗംഭീരമായ ക്ലൈമാക്സ് ആയിരുന്നുവത്. സെൻസർ ബോർഡ് എന്തുചെയ്‌തിട്ടും സെൻസർ തരില്ലെന്ന് പറഞ്ഞു,’എസ്. എൻ സ്വാമി പറയുന്നു.

അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: SN.Swami Talk About Climax Of Moonnamura Movie

We use cookies to give you the best possible experience. Learn more