| Saturday, 27th July 2024, 10:07 am

ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല, ചിലരെ പിണക്കാൻ കഴിയാത്തതിനാൽ എഴുതിയതാണ്: എസ്.എൻ.സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. തന്റെ 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

മോഹൻലാൽ എന്ന നടന്റെ താരപരിവേഷം വലിയ രീതിയിൽ ഉയർത്തിയ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ചിത്രത്തിലെ സാഗർ ഏലിയാസ് എന്ന കഥാപാത്രത്തിന് ഇന്നും വലിയ ആരാധകരുണ്ട്. കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന അമൽ നീരദ് ചിത്രം സമ്മിശ്ര പ്രതികരണണമായിരുന്നു നേടിയത്. എസ്. എൻ. സ്വാമി തന്നെ രചന നിർവഹിച്ച ചിത്രം വലിയ ഹൈപ്പിലായിരുന്നു തിയേറ്ററിൽ എത്തിയത്.

ആ രണ്ടാം ഭാഗത്തില്‍ താന്‍ തീരെ തൃപ്തനല്ലായിരുന്നുവെന്ന് പറയുകയാണ് എസ്.എന്‍. സ്വാമി. ആദ്യ ഭാഗത്തില്‍ ജയിലില്‍ പോയ ജാക്കി തിരിച്ചു വരുന്നത് തനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും സ്വാമി പറഞ്ഞു.

പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ആ സിനിമയുടെ തിരക്കഥ എഴുതിയതെന്നും അതിനെപ്പറ്റി കൂടുതല്‍ ഓര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാഗര്‍ ഏലിയാസ് ജാക്കി ഒട്ടും താത്പര്യമില്ലാതെ എഴുതിയ സിനിമയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ആ കഥാപാത്രം ജയിലില്‍ പോകുന്നിടത്ത് എല്ലാം അവസാനിച്ചു. അതിനപ്പുറത്തേക്ക് വേറൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ പലരും എന്നെ അതിന് നിര്‍ബന്ധിച്ചു. അവരെയൊന്നും പിണക്കാന്‍ എനിക്ക് പറ്റാത്തതുകൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയത്.

ആ സിനിമയില്‍ ഞാന്‍ ഒട്ടും തൃപ്തനല്ലായിരുന്നു. ആ കഥാപാത്രം ഇപ്പോള്‍ എവിടെയായിരിക്കുമെന്നോ എന്ത് ചെയ്യുന്നുവെന്നോ ഞാന്‍ ആലോചിക്കാറില്ല. ജാക്കിയെപ്പറ്റി ഇനി ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ കഥാപാത്രത്തെയും രണ്ടാം ഭാഗത്തെയും ഇഷ്ടപ്പെടുന്ന കുറച്ച് പേരൊക്കെ ഉണ്ടെന്ന് ചിലര്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് അതിലൊന്നും താത്പര്യമില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: Sn. Swami Says That He Is Not Interested In Sagar Alice Jacky Movie

We use cookies to give you the best possible experience. Learn more