| Saturday, 11th January 2020, 2:01 pm

സ്മൃതി ഇറാനിയെ ദല്‍ഹി തെരഞ്ഞെടുപ്പ് മുഖമാക്കാന്‍ ബി.ജെ.പി; കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത് പ്രിയങ്ക ഗാന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറക്കാന്‍ തീരുമാനിച്ച് ബി.ജെ.പി. പരമാവധി റാലികളില്‍ സ്മൃതി ഇറാനിയെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി മുന്നേറവേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിക്ക് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുണ്ടാക്കുന്ന ക്ഷീണം മറികടക്കാനാണ് സ്മൃതി ഇറാനിയെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയാണ് സ്മൃതി ഇറാനി. യുവത്വത്തിനിടക്ക് നല്ല സ്വാധീനമുണ്ടവര്‍ക്ക്. പ്രസംഗ ശൈലിയും പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെ പൊടുന്നനെ നടത്തുന്ന ആക്രമണങ്ങളും ജനങ്ങള്‍ക്ക് ഇഷ്ടമാണ്. അവരുടെ പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിതമാക്കുന്നതാണ്. അത് കൊണ്ടാണ് ബി.ജെ.പി സ്മൃതി ഇറാനിയെ കൂടുതല്‍ റാലികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്’ ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഐ.എ.എന്‍.എസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ കോണ്‍ഗ്രസ് തിരിച്ചു വരുന്നതിന് വേണ്ടി പ്രിയങ്ക ഗാന്ധിയിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനം വഹിക്കുവാന്‍ പ്രിയങ്ക ഗാന്ധിയെ ലഭിക്കുമോ എന്നതിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി കോണ്‍ഗ്രസ് പ്രചരണ സമിതിയിലെ ഒരംഗം ദ പ്രിന്റിനോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും റാലികളില്‍ പങ്കെടുപ്പിക്കാമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലും മറ്റിടങ്ങളിലും പ്രിയങ്ക ഗാന്ധി നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധ നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി ഇത്തരം ഒരു ആലോചന നടത്തുന്നത്. ഷീല ദീക്ഷിത് കാലത്തെ നേട്ടങ്ങള്‍ പ്രചരണത്തില്‍ പറയുവാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബാക്കി സീറ്റുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.

We use cookies to give you the best possible experience. Learn more