ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുക മാത്രമല്ല രാഹുലിന്റെ ഉദ്ദേശം. ത്രിവര്‍ണ്ണ പതാക സംസ്‌കാരത്തെ കൂടിയാണ് രാഹുല്‍ അപമാനിക്കുന്നത്. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് അയാള്‍, സ്മൃതി പറഞ്ഞു.
കര്‍ഷക സമരത്ത പിന്തുണച്ച് രാഹുല്‍ ഗാന്ധി പരസ്യപ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് സ്മൃതിയുടെ പരാമര്‍ശം. ജനാധിപത്യമാണ് കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്നതെന്നും അവരോടൊപ്പമാണ് താനെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
അതേസമയം റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെയും ഗുണ്ടാസംഘം നേതാവ് ലക്കാ സാധന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്.ഐആറില്‍ സിദ്ദുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിയാക്കിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാക്ടര്‍ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തുകയായിരുന്നു. കര്‍ഷകരാണ് പതാക ഉയര്‍ത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും കേന്ദ്രവും ശ്രമം നടത്തുകയും ചെയ്തു.
ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.
പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.
റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക