കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നു.
മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ചാനലിലെ പ്രൈം ടൈം ചര്‍ച്ച അവതാരകരുമാണ്.
മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വണ്‍ ചാനലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീഡിയ വണ്‍ ചാനലില്‍ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിട്ടായിരിക്കും സ്മൃതി ജോയിന്‍ ചെയ്യുക.
സീ ടി.വി പുതുതായി തുടങ്ങുന്ന ഡിജിറ്റല്‍ ടി.വിയുടെ കേരള മേധാവിയായിട്ടായിരിക്കും മഞ്ജുഷ് ഗോപാല്‍ ചുമതലയേല്‍ക്കുക.
കൈരളി, ഇന്ത്യാവിഷന്‍, മനോരമ എന്നീ ചാനലുകളില്‍ ജോലിചെയ്തതിന് ശേഷമാണ് സ്മൃതി മാതൃഭൂമിയിലേക്ക് പോയത്.
ഏഷ്യാനെറ്റില്‍ നിന്നാണ് മഞ്ജുഷ് മാതൃഭൂമിയിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് അഭിലാഷ് മോഹനന്‍ മീഡിയാ വണ്‍ ചാനല്‍ വിടുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാതൃഭൂമി ന്യൂസിലാണ് അഭിലാഷ് പുതിയ ചുമതലയേല്‍ക്കുന്നത്. ചാനല്‍ വിടുന്നത് സംബന്ധിച്ച് മീഡിയാ വണ്‍ മാനേജുമെന്റുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ ജൂണില്‍ മാതൃഭൂമി ന്യൂസില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചിരുന്നു. മാനേജുമെന്റുമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഉണ്ണി ചാനല്‍ വിട്ടതെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് പിന്നാലെ പ്രൈ ടൈം അവതാരകനായിരുന്ന വേണു ബാലകൃഷ്ണനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
മീഡിയ വണ്‍ എഡിറ്ററായിരുന്ന രാജീവ് ദേവരാജായിരുന്നു ഉണ്ണി ബാലകൃഷ്ണന് പകരമായി മാതൃഭൂമി ന്യൂസിലേക്കെത്തിയത്. രാജീവ് ദേവരാജ് മീഡിയ വണ്‍ വിട്ടതോടെ അദ്ദേഹത്തിന്റെ പകരക്കാരനായി ചാനലിന്റെ എഡിറ്റര്‍ സ്ഥാനത്തേക്കെത്തിയത് മനോരമ ന്യൂസില്‍ നിന്നുള്ള പ്രമോദ് രാമനായിരുന്നു.