|

ഇടിമിന്നലായി മന്ഥാന കൊടുങ്കാറ്റായി ഡാനി; ദല്‍ഹിയെ പറത്തിയടിച്ച് സ്വന്തമാക്കിയത് ഇരട്ട റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയമാണ് നേടിയത്. വഡോദര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്‍.സി.ബിയുടെ ജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ വിജയലക്ഷ്യം 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും ഡാനി വയറ്റും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പത്ത് ഓവറില്‍ തന്നെ ടീം സ്‌കോര്‍ നൂറ് കടന്നിരുന്നു. ക്യാപ്റ്റന്‍ സ്മൃതി 47 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് നേടിയത്. ഡാനി വയറ്റ് ഏഴ് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സും നേടി. ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ വയറ്റിനെ പുറത്താക്കി ദല്‍ഹിയുടെ അരുന്ധതി റെഡ്ഡി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

എന്നിരുന്നാലും തകര്‍പ്പന്‍ നേട്ടമാണ് വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഇരുവരും കൊണ്ടുപോയത്. ദല്‍ഹിക്കെതിരെ ഏറ്റവും ഉയര്‍ന്ന പാര്‍ടണര്‍ഷിപ്പ് നേടിയ താരങ്ങള്‍ എന്ന നേട്ടമാണ് ഇരുവരും നേടിയത്.

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹിക്കെതിരെ ഏറ്റവും ഉയര്‍ന്ന പാര്‍ടണര്‍ഷിപ്പ് നേടിയ താരങ്ങള്‍, റണ്‍സ്, വേദി, വര്‍ഷം

സ്മൃതി മന്ഥാന & ഡാനി വയറ്റ് – 107 – വഡോദര – 2025*

ആഷ്‌ളി ഗാര്‍ണര്‍ & ലോറ വാള്‍വാര്‍ട്ട് – 81 – മുംബൈ – 2023

എല്ലിസ് പെരി & സോഫിയ മൊളീനെക്‌സ് – 80 – ദല്‍ഹി – 2024

മാത്രമല്ല ഇതിനെല്ലാം പുറമെ മറ്റൊരു നേട്ടവും ആര്‍.സി.ബിക്ക് വേണ്ടി മന്ഥാനയ്ക്കും വയറ്റിനും നേടാന്‍ സാധിച്ചു. ആര്‍.സി.ബിയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പാര്‍ടണര്‍ഷിപ്പ് നേടാനാണ് താരങ്ങള്‍ക്ക് സാധിച്ചത്. പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കാന്‍ ക്യാപ്പിറ്റല്‍സിനായെങ്കിലും വണ്‍ ഡൗണായെത്തിയ എല്ലിസ് പെറിയെ ഒപ്പം കൂട്ടി മന്ഥാന ടീമിനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ശിഖ പാണ്ഡെയുടെ പന്തില്‍ വിക്കറ്റ് നഷ്ടമായി മന്ഥാന മടങ്ങിയപ്പോള്‍ റിച്ചാ ഘോഷ് ആദ്യ മത്സരത്തിലെന്ന പോലെ സിക്‌സര്‍ പറത്തിയാണ് മത്സരം ഫിനിഷ് ചെയ്തത്. റിച്ച അഞ്ച് പന്തില്‍ 11 റണ്‍സാണ് നേടിയത്. എല്ലിസ് ഏഴ് റണ്‍സും നേടി.

ഈ വിജയത്തിന് പിന്നാലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്സ്. രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്. ഫെബ്രുവരി 21നാണ് ടീമിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

സൂപ്പര്‍ താരങ്ങളായ രേണുക സിങ്ങിന്റെയും ജോര്‍ജിയ വെര്‍ഹാമിന്റെയും ബൗളിങ് കരുത്തിലാണ് ആര്‍.സി.ബി ക്യാപ്പിറ്റല്‍സിനെ പുറത്താക്കിയത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതമാണ് നേടിയത്.

Content Highlight: Smriti Mnadhana And Danny Wyatt In Great Record Achievement In WPL