|

മന്ഥാന മാജിക്കല്ല, ഇത് മന്ഥാന എക്‌സ്പ്രസ്; ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ഡലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ സെഞ്ച്വറിയുമായി ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് മന്ഥാന തിളങ്ങിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ മൂന്നാം മത്സരവും സ്വന്തമാക്കി പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

വനിതാ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡാണ് മന്ഥാന രാജ്‌കോട്ടില്‍ കുറിച്ചത്. നേരിട്ട 70ാം പന്തിലാണ് മന്ഥാന നൂറ് റണ്‍സ് പൂര്‍ത്തിയാക്കിയത്. 87 പന്തില്‍ നൂറടിച്ച ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്.

വനിതാ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി

(താരം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – അയര്‍ലന്‍ഡ് – 70 – 2025*

ഹര്‍മന്‍പ്രീത് കൗര്‍ – സൗത്ത് ആഫ്രിക്ക – 87 – 2024

ഹര്‍മന്‍പ്രീത് കൗര്‍ – ഓസ്‌ട്രേലിയ – 90 – 2017

ജെമീമ റോഡ്രിഗസ് – അയര്‍ലന്‍ഡ് – 90 – 2025

ഹര്‍ലീന്‍ ഡിയോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 98 – 2024

മത്സരത്തില്‍ 80 പന്ത് നേരിട്ട് 135 റണ്‍സുമായാണ് മന്ഥാന പുറത്തായത്. 12 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ഏകദിനത്തില്‍ തന്റെ സെഞ്ച്വറി നേട്ടം പത്തായി ഉയര്‍ത്താനും മന്ഥാനയ്ക്ക് സാധിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഏകദിന സെഞ്ച്വറി നേട്ടത്തില്‍ ഇരട്ടയക്കം തൊടുന്നത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് താരമെന്ന നേട്ടവും മന്ഥാന സ്വന്തമാക്കി.

വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സ്മൃതി മന്ഥാന – 97 – 10*

മിതാലി രാജ് – 211 – 7

ഹര്‍മന്‍പ്രീത് കൗര്‍ – 122 – 6

പൂനം റാവത്ത് – 73 – 3

തിരുഷ് കാമിനി – 37 – 2

ജയ ശര്‍മ – 75 – 2

മത്സരത്തില്‍ മന്ഥാനയ്ക്ക് പുറമെ ഓപ്പണര്‍ പ്രതീക റാവലും സെഞ്ച്വറി പൂര്‍ത്തിയാക്കി. 129 പന്ത് നേരിട്ട് 154 റണ്‍സാണ് പ്രതീക റാവല്‍ സ്വന്തമാക്കിയത്. 20 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന കരിയറിലെ ആറാം മത്സരത്തിലാണ് താരം തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്.

അര്‍ധ സെഞ്ച്വറിയടിച്ച വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി. 42 പന്ത് നേരിട്ട താരം 59 റണ്‍സാണ് അടിച്ചെടുത്തത്.

തേജല്‍ ഹസ്ബ്‌നിസ് (25 പന്തില്‍ 28), ഹര്‍ലീന്‍ ഡിയോള്‍ (പത്ത് പന്തില്‍ 15), ദീപ്തി ശര്‍മ (എട്ട് പന്തില്‍ പുറത്താകാതെ 11) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 435 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്

അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡെര്‍ഗസ്റ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോര്‍ജിന് ഡെംപ്‌സി, ഫ്രെയ സാര്‍ജെന്റ്, ആര്‍ലീന്‍ കെല്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content highlight: Smriti Manthana became the fastest Indian player to score a century in women’s ODIs