ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പേരെടുക്കുമ്പോള്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ പേരും ആ പട്ടികയില്‍ ഇടം നേടും. നിലവില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനായ സ്മൃതി വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ഫ്രാഞ്ചൈസിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയായ മന്ഥാന ഇപ്പോള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ച് സംസാരിക്കുകയാണ്.
വിരാട് കോഹ്‌ലിയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട താരമെന്നാണ് മന്ഥാന പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ഥാന ഇക്കാര്യം സംസാരിച്ചത്.
‘വിരാട് കോഹ്‌ലിയാണ് എന്റെ പ്രിയപ്പെട്ട ബാറ്റര്‍. ബാറ്റിങ്ങിനെ കുറിച്ച് പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്നും ചോദിച്ചുമനസിലാക്കിയിട്ടുണ്ട്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ മൈന്‍ഡ് സെറ്റ് എന്താണെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഓരോ പര്യടനങ്ങള്‍ക്ക് ശേഷവും എന്റെ ഗ്രിപ്പില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.
എങ്ങനെയാണ് നിങ്ങള്‍ എല്ലാ പ്രതീക്ഷകളെയും ചുമലിലേറ്റുന്നത് എന്ന് ഞങ്ങളെല്ലാവരും ചോദിച്ചിരുന്നു. കാരണം അദ്ദേഹത്തിന് മേല്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. എന്നാല്‍ അതിനെ പ്രതീക്ഷകളായി കാണുന്നില്ലെന്നും ടീമിന് ആവശ്യമുള്ളതെന്തോ അത് ചെയ്യുക എന്നത് മാത്രമാണ് ചെയ്യാറുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അത് എന്റെയുള്ളില്‍ എവിടെയോ ഉണ്ടായിരുന്നു, പക്ഷേ അതൊരിക്കലും പുറത്തുവന്നിരുന്നില്ല. ഞങ്ങളുടെ പ്രകടനങ്ങളിലൊന്നും തന്നെ അത് പുറത്തുവന്നിരുന്നില്ല. എന്നാല്‍ വിരാടിന്റെ വാക്കുകള്‍ കേട്ടതോടെ ഞാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട മനോനിലയിലാണെന്ന് എനിക്ക് തോന്നി,’ മന്ഥാന പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്കാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയിലെത്തുന്നത്.
പാകിസ്ഥാനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയതിന്റെ ആവേശവുമായാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ബംഗ്ലാദേശ് വിജയിച്ചത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് മത്സരമോ പരമ്പരയോ വിജയിക്കുന്നത്.
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. യാഷ് ദയാലിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിപരിക്കുന്നത്.