| Saturday, 5th August 2023, 5:13 pm

സ്വന്തം മണ്ണില്‍ ഭൂലോക പരാജയം, വിദേശ ലീഗിലെ രണ്ട് മത്സരത്തില്‍ നിന്ന് മാത്രം 125; കരിയറിലെ തകര്‍പ്പന്‍ അടി

സ്പോര്‍ട്സ് ഡെസ്‌ക്

ദി ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന. സതേണ്‍ ബ്രേവിനായി കളിച്ച രണ്ട് മത്സരത്തില്‍ വെടിക്കെട്ട് നടത്തിയാണ് മന്ഥാന കയ്യടി നേടിയത്.

കഴിഞ്ഞ ദിവസം നടന്ന സതേണ്‍ ബ്രേവ് – വെല്‍ഷ് ഫയര്‍ മത്സരത്തിലാണ് മന്ഥാന തകര്‍ത്തടിച്ചത്. 42 പന്ത് നേരിട്ട് പുറത്താകാതെ 70 റണ്‍സാണ് താരം നേടിയത്. 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മന്ഥാന റണ്‍സ് നേടിയത്.

മന്ഥാനക്ക് പുറമെ സൂപ്പര്‍ താരം ഡാനി വയറ്റും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 37 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 67 റണ്‍സാണ് വയറ്റ് നേടിയത്.

നേരത്തെ ടോസ് നേടിയ ബ്രേവ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സൂപ്പര്‍ താരം ഹെയ്‌ലി മാത്യൂസിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. 38 പന്തില്‍ നിന്നും 13 ബൗണ്ടറിയുടെ അകമ്പടിയില്‍ 65 റണ്‍സാണ് താരം നേടിയത്. 171.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന റണ്ണടിച്ചുകൂട്ടിയത്.

ഒടുവില്‍ 100 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന തകര്‍പ്പന്‍ സ്‌കോറാണ് വെല്‍ഷ് നേടിയത്.

വെല്‍ഷ് ഫയര്‍ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്രേവ് നാല് റണ്‍സകലെ കാലിടറി വീണു. 100 പന്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് ബ്രേവിന് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ ഇന്നിങ്‌സ് ചര്‍ച്ചയാകുന്നുണ്ട്.

ആദ്യ മത്സരത്തില്‍ ട്രെന്റ് റോക്കറ്റ്‌സിനെതിരെയും മന്ഥാന അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 36 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.

മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ബ്രേവ് 157 റണ്‍സ് നേടിയപ്പോള്‍ റോക്കറ്റ്‌സ് ഇന്നിങ്‌സ് 130ല്‍ അവസാനിച്ചു.

ഹണ്‍ഡ്രഡില്‍ മന്ഥാനയുടെ പ്രകടനം ചര്‍ച്ചയാകുമ്പോള്‍ നേരത്തെ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗിലെ താരത്തിന്റെ മോശം പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിട്ടും ആ പേരിനും പെരുമക്കും ഒത്ത പ്രകടനം പുറത്തെടുക്കാന്‍ മന്ഥാനക്ക് സാധിച്ചിരുന്നില്ല.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നിര്‍ണായ ശക്തിയാകുമെന്ന് കരുതിയ താരം അമ്പേ പരാജയപ്പെടുകയായിരുന്നു. എട്ട് മത്സരത്തില്‍ നിന്നും 111.19 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 149 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഹണ്‍ഡ്രഡിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 160.25 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 125 റണ്‍സാണ് താരം നേടിയത്.

Content highlight: Smriti Mandhana’s brilliant knock in The Hundred

We use cookies to give you the best possible experience. Learn more