| Tuesday, 7th March 2023, 8:28 am

മെസിയോ റൊണാള്‍ഡോയോ? ഫുട്‌ബോളിന് പുറത്തും ഈ തര്‍ക്കം സജീവം; ആര്‍.സി.ബി ക്യാപ്റ്റന്‍ ഇതിഹാസത്തിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

കായികലോകത്ത് ഇന്നും അന്ത്യമില്ലാതെ തുടരുന്ന തര്‍ക്കമാണ് മെസിയാണോ റൊണാള്‍ഡോ ആണോ മികച്ച താരം എന്നുള്ളത്. മോഡേണ്‍ ഡേ ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ ലോകം തന്നെ രണ്ട് ചേരിയിലാവുകയാണ്.

ഫുട്‌ബോളിലെ എല്ലാ താരങ്ങള്‍ക്കും കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടാകും. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും ഇതിഹാസ താരങ്ങളും ഈ തര്‍ക്കത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയതുമാണ്.

ഫുട്‌ബോള്‍ ലോകത്തിന് പുറത്തും ഈ തര്‍ക്കം സജീവമാണ്. ഇന്ത്യന്‍ താരവും വുമണ്‍സ് പ്രീയമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനുമായ സ്മൃതി മന്ദാനയും മെസി – റൊണാള്‍ഡോ ഡിബേറ്റില്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് പറഞ്ഞിട്ടുമുണ്ട്.

മെസി vs റൊണാള്‍ഡോയില്‍ താന്‍ റൊണാള്‍ഡോക്കൊപ്പമാണെന്നാണ് മന്ദാന പറഞ്ഞിരുന്നത്. ഒരിക്കല്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം സി.ആര്‍.സെവന്‍ എന്ന് എഴുതുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നും ഒഴിഞ്ഞ ശേഷം റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. ടീമിനൊപ്പം മുഴവനായി കളിച്ച ആദ്യ മാസത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരവും ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരുന്നു.

ഫെബ്രുവരിയില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഒരു ഹാട്രിക്കും ഒരു സൂപ്പര്‍ ഹാട്രിക്കും ഉള്‍പ്പെടെയാണ് താരം എട്ട് ഗോള്‍ സ്വന്തമാക്കിയത്.

മെസിയാകട്ടെ പാരീസ് വമ്പന്‍മാരായ പി.എസ്.ജിക്കൊപ്പമാണ് ബൂട്ടുകെട്ടുന്നത്. പി.എസ്.ജിയുടെ ചരിത്രത്തിലെ തന്നെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് മെസിയും ഗാള്‍ട്ടിയറും ഒരുപോലെ ലക്ഷ്യമിടുന്നത്.

അതേസമയം, വനിതാ ഐ.പി.എല്ലില്‍ സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍വി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് 18.4 ഓവറില്‍ 155 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിന്റെ കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.

Content Highlight: Smriti Mandhana picks Cristiano Ronaldo over Lionel Messi

We use cookies to give you the best possible experience. Learn more