12 റണ്‍സിന് പുറത്തായി, പക്ഷെ നേടിയത് 3500 റണ്‍സിന്റെ തകര്‍പ്പന്‍ നേട്ടം; ഇവള്‍ ഇന്ത്യയുടെ കുരുത്താണെന്നതില്‍ സംശയമില്ല
Sports News
12 റണ്‍സിന് പുറത്തായി, പക്ഷെ നേടിയത് 3500 റണ്‍സിന്റെ തകര്‍പ്പന്‍ നേട്ടം; ഇവള്‍ ഇന്ത്യയുടെ കുരുത്താണെന്നതില്‍ സംശയമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th October 2024, 3:30 pm

2024 വിമണ്‍സ് ടി-20യില്‍ കഴിഞ്ഞ ദിവസം (വെള്ളി) നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലാന്‍ഡ് 58 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തല്‍ 160 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡ് നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഓപ്പണിങ്ങില്‍ തകര്‍ന്ന ഇന്ത്യ

തുടക്കത്തില്‍ തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ ഇന്ത്യ അടിപതറുകയായിരുന്നു. ഓപ്പണിങ്ങിന് എത്തിയ ഷഫാലി വര്‍മയെ രണ്ട് റണ്‍സിന് പറഞ്ഞയച്ച് ന്യൂസിലാന്‍ഡിനായി വ്ക്കറ്റ് വേട്ട ആരംഭിച്ചത് ഈഡെന്‍ കാര്‍സണായിരുന്നു. തുടര്‍ന്ന് സ്മൃതി മന്ഥാനയെ 12 റണ്‍സിനും കാര്‍സണ്‍ പുറത്താക്കി.

സ്മൃതി നേടിയ റെക്കോഡ്

നേടിയത് 12 റണ്‍സാണെങ്കിലും ഒരു വമ്പന്‍ നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. ഇന്റര്‍നാഷണണല്‍ ടി-20 ക്രിക്കറ്റില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 3505 റണ്‍സാണ് ടി-20 ഐയില്‍ മന്ഥാനയ്ക്കുള്ളത്.

ഇന്ത്യയുടെ തകര്‍ച്ച

ക്യാപ്റ്റന്‍ ഹര്‍മന്‍മന്‍പ്രീത് കൗറിനെ 15 റണ്‍സിന് റോസ്മേരി മെയ്ര്‌സ് പറഞ്ഞയച്ചതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലാകുകയും തുടര്‍ന്ന് ജമീമ റോഡ്രിഗസ് 13 റണ്‍സിനും പുറത്തായി. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷും 12 റണ്‍സിന് കൂടാരം കയറി. ജമീമയുടേയും റിച്ചയുടേയും വിക്കറ്റ് വീഴ്ത്തിയത് ലീ തഹൂഹുവാണ്. അരുന്ധതി റെഡ്ഡിക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

കിവീസ് വിമണ്‍സിന് വേണ്ടി റോസ്മേരി മെയ്ര്‍, ലിയ തഹൂഹു എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.

കിവീസിന് വേണ്ടി ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 36 പന്തില്‍ ഏഴ് ഫോര്‍ അടക്കം 57* റണ്‍സ് നേടിയാണ് താരം ഇന്ത്യന്‍ ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തിയത്.

 

Content Highlight: Smriti Mandhana In Record Achievement In T-20I