| Thursday, 12th December 2024, 5:15 pm

ഓസീസിന്റെ വൈറ്റ് വാഷിലും തലയുയര്‍ത്തി സ്മൃതി മന്ഥാന; സ്വന്തമാക്കിയത് ഇടിവെട്ട് റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആതിഥേയര്‍ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ ഏകദിനത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.

പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തില്‍ മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 83 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 215 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത് സ്മൃതി മന്ഥാനയായിരുന്നു. അഭിമാന പോരാട്ടത്തില്‍ ഓസീസിനെതിരെ സെഞ്ച്വറി നേടിയാണ് താരം തലയുയര്‍ത്തിയത്. മന്ഥാന 109പന്ത് നേരിട്ട് 105 റണ്‍സ് നേടി. 14 ഫോറും ഒരു സിക്സറും അടക്കം 96.33 സ്ട്രൈക്ക് റേറ്റിലാണ് മന്ഥാന 105 റണ്‍സ് നേടിയത്. ഇതോടെ പല റെക്കോഡുകളും തിരുത്തിയെഴുതാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ വിമണ്‍സ് ഏകദിന ക്രിക്കറ്റില്‍ മറ്റൊരു നേട്ടം കൊയ്യാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

വിമണ്‍സ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് സ്മൃതിക്ക് സാധിച്ചത്.

വിമണ്‍സ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ഇന്നിങ്‌സ് , സെഞ്ച്വറി

മെഗ് ലാനിങ് (ഓസ്‌ട്രേലിയ) – 102 – 15

സൂസി ബാറ്റ്‌സ് (ന്യൂസിലാന്‍) – 160 – 13

ടാമി ബീമൗണ്ട് (ഇംഗ്ലണ്ട്) – 113 – 10

സ്മൃതി മന്ഥാന (ഇന്ത്യ) – 91 – 9*

64 പന്തില്‍ 39 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് അഞ്ചാമതായി ഇറങ്ങിയ അനബല്‍ സതര്‍ലാന്‍ഡ് ആണ്. 95 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 110 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആഷ്‌ളിങ് ഗാര്‍ഡണര്‍ (50), തഹ്‌ലിയ മഗ്രാത് (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlight: Smriti Mandhana In Great Record Achievement In Womens ODI

We use cookies to give you the best possible experience. Learn more