| Friday, 20th December 2024, 11:54 am

ഒടുക്കം കിവീസിന്റെ സൂസിയും മന്ഥാന കൊടുങ്കാറ്റില്‍ തകര്‍ന്നു; സ്മൃതി സ്വന്തമാക്കിയത് ഇടിമിന്നല്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് വിമണ്‍സിനെതിരെ നടന്ന ടി-20 മത്സരത്തില്‍ ഇന്ത്യ വിമണ്‍സിന് തകര്‍പ്പന്‍ വിജയം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 60 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 2-1 ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഡോക്ടര്‍ ഡി.വൈ പാട്ടില്‍ സ്പോര്‍ട്സ് അക്കാഡമിയില് നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് ഇന്ത്യ നേടിയത്. ടി-20ഐയില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് വിമണ്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പരമ്പര വിജയം സ്വന്തമാക്കിുന്നത്.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സ്മൃതി മന്ഥാനയാണ്. 47 പന്തില്‍ നിന്ന് 77 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ഒരു സിക്സും 13 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ വിമണ്‍സ് ടി-20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന താരമാകാനാണ് സ്മൃതി മന്ഥാനയ്ക്ക സാധിച്ചത്. ഈ നേട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

വിമണ്‍സ് ടി-20ഐ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, മത്സരം, എണ്ണം

സ്മൃതി മന്ഥാന (ഇന്ത്യ) – 149 – 30

സൂസി ബേറ്റ്‌സ് (ന്യൂസിലാന്‍ഡ്) – 171 – 29

ബെത് മൂണി (ഓസ്‌ട്രേലിയ) – 106 – 25

സ്റ്റഫൈന്‍ ടൈലര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 125 – 22

താരത്തിന് പുറമേ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷ് 21 പന്തില്‍ നിന്ന് 5 സിക്സും 3 ഫോറും ഉള്‍പ്പെടെ 54 റണ്‍സ് നേടി തകര്‍ത്തു വിളയാടി. ഇരുവരുടേയും വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായതും റെക്കോഡ് നേട്ടത്തില്‍ എത്തിച്ചതും.

വണ്‍ ടൗണ്‍ ബാറ്റര്‍ ജമീമ റോഡ്രിഗസ് 28 പന്തില്‍ നിന്ന് 39 റണ്‍സും നേടിയിരുന്നു. രാഘവി ആനന്ദ് സിങ് 31 റണ്‍സ് നേടി പുറത്താക്കാതെ നിന്നപ്പോള്‍ മലയാളി സൂപ്പര്‍ താരം സജന സജീവനും നാല് റണ്‍സ് നേടി ക്രീസില്‍ നിന്നു. വിന്‍ഡീസിന്റെ ചിനെല്ലി ഹെന്റി, ദീ ദോത്തിന്‍, ആലിയ, ആഫി ഫ്ലെക്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റി ആണ്. 16 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമേ ദീന്ദ്ര 17 പന്തില്‍ 25 റണ്‍സും നേടിയിരുന്നു.

Content Highlight: Smriti Mandhana In Great Record Achievement In T-20i

We use cookies to give you the best possible experience. Learn more