അമ്പരപ്പിച്ച് വീണ്ടും മന്ദാന; റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ഓപ്പണറുടെ പ്രകടനം
Cricket
അമ്പരപ്പിച്ച് വീണ്ടും മന്ദാന; റെക്കോഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ഓപ്പണറുടെ പ്രകടനം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th August 2018, 6:31 pm

ലണ്ടന്‍: കിയ സൂപ്പര്‍ലീഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്. സൂപ്പര്‍ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് മന്ദാന തിരുത്തിയത്. തുടര്‍ച്ചയായ ആറാമത്തെ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മന്ദാനയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം, യോര്‍ക് ഷെയര്‍ ഡയമണ്ട്‌സിനെ തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത് ഡയമണ്ട്‌സ് ബെത് മൂണിയുടെ 69 റണ്‍സിന്റെയും വിന്‍ഫീല്‍ഡിന്റെ 48 റണ്‍സിന്റെയും പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണെടുത്തത്. എന്നാല്‍ മന്ദാനയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വെസ്റ്റേണ്‍ സ്റ്റോം നാല് പന്ത് ബാക്കിനില്‍ക്കെ മറികടന്നു.

56 റണ്‍സാണ് മന്ദാന ഡയമണ്ട്‌സിനെതിരെ മന്ദാന നേടിയത്. 36 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കമാണ് മന്ദാനയുടെ അര്‍ധസെഞ്ച്വറി. 37 റണ്‍സുമായി പ്രീസ്റ്റും 45 റണ്‍സുമായി നൈറ്റും മന്ദാനയ്ക്ക് മികച്ച പിന്തുണ നല്‍കി.

ALSO READ: ചാംപ്യന്മാരെ പഞ്ഞിക്കിട്ടു; അര്‍ജന്റീനയെ തോല്‍പ്പിച്ച് ചരിത്ര വിജയം നേടി ടീം ഇന്ത്യ

ലീഗില്‍ ഇതിനോടകം 338 റണ്‍സാണ് മന്ദാന അടിച്ചെടുത്തത്. സ്‌റ്റെഫാനി ടെയ്‌ലറുടെ 289 റണ്‍സ് എന്ന റെക്കോഡാണ് മന്ദാന മറികടന്നത്.

ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുടെ റെക്കോഡും മന്ദാനയുടെ പേരിലാണ് -84.50. 183.96 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരുസീസണില്‍ മൂന്ന് തവണ 50 കടന്നുവെന്ന റെക്കോഡും മന്ദാന സ്വന്തമാക്കി. സീസണിലെ ഏകസെഞ്ച്വറിയും ഉയര്‍ന്ന സ്‌കോറും മന്ദാനയുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ ഫോറും (34) സിക്‌സും (19).

2016 ലെ റണ്ണേഴ്‌സ് അപ്പും 2017 ലെ ചാമ്പ്യന്‍മാരുമായ വെസ്റ്റേണ്‍ സ്‌റ്റോം മന്ദാനയുടെ ചിറകിലേറി ഇത്തവണ മികച്ച പ്രകടനമാണ് നടത്തുന്നത്.

ALSO READ:അര്‍ജന്റീനയ്ക്ക് പിന്നാലെ ഇറാഖിനെയും തകര്‍ത്ത് ഇന്ത്യ

ആദ്യമത്സരത്തില്‍ തന്നെ 48 റണ്‍സെടുത്ത് തുടങ്ങിയ മന്ദാന സ്ഥിരതായാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. 48,37,52*,43*,102,56 എന്നിവയാണ് മന്ദാനയുടെ സ്‌കോര്‍. ഹെതര്‍ നൈറ്റ്, സ്‌റ്റെഫാനി ടെയ്‌ലര്‍, റാച്ചേല്‍ പ്രീസ്റ്റ് തുടങ്ങിയ വന്‍ബാറ്റിംഗ് നിരയുള്ള ടീമിലാണ് മന്ദാനയുടെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

വനിതാ ടി-20 റാങ്കിംഗില്‍ നാലാമതാണ് മന്ദാന.

WATCH THIS VIDEO: