2024 വുമൺസ് പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു യു.പി വാരിയേഴ്സ് മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വാരിയേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ദാന 11 പന്തിൽ 13 റൺസ് നേടി പുറത്താവുകയായിരുന്നു. ഒരു ഫോറും ഒരു സിക്സുമാണ് സ്മൃതി നേടിയത്. മത്സരത്തിന്റെ ആറാം ഓവറിൽ 36 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു ബെംഗളൂരുവിന് സ്മൃതിയെ നഷ്ടമായത്. താഹില മഗ്രാത്തിന്റെ പന്തിൽ വൃന്ദ ദിനേഷിന് ക്യാച്ച് നൽകിയാണ് മന്ദാന പുറത്തായത്.
ഇതിന് പിന്നാലെ ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കാനും ബെംഗളൂരു താരത്തിന് സാധിച്ചു. വുമൺസ് പ്രീമിയർ ലീഗിൽ 400 റൺസ് എന്ന നാഴികക്കല്ലിലേക്കാണ് സ്മൃതി മന്ദാന നടന്നുകയറിയത്. വുമൺസ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ 400 റൺസ് പിന്നിടുന്ന നാലാമത്തെ താരമായി മാറാനും സ്മൃതിക്ക് സാധിച്ചു.
വുമൺസ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ
(താരം റൺസ് എന്നീ ക്രമത്തിൽ)
ഹർമൻപ്രീത് കൗർ-677
ഷഫാലി വർമ-425
ജമീമ റോഡ്രിഗസ്-402
സ്മൃതി മന്ദാന-400
റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് റിച്ചാ ഗോഷ് നടത്തിയത്. 37 പന്തില്‍ 62 റണ്‍സ് നേടി കൊണ്ടായിരുന്നു റിച്ചയുടെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളാണ് റിച്ചയുടെ ബാറ്റില്‍ നിന്നും പിറന്നത്.
സബിനേനി മേഖനയും അര്‍ധസഞ്ചറി നേടി മികച്ച പ്രകടനം നടത്തി. 44 പന്തില്‍ 53 റണ്‍സാണ് മേഖന നേടിയത്. ഏഴ് ഫോറുകളും ഒരു സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
യു. പി ബൗളിങ് നിരയില്‍ രാജേശ്വരി ഗയ്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Smriti Mandhana create a new Milestone in WPL