ബംഗ്ലാദേശിനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം; സെഞ്ച്വറി തിളക്കത്തില്‍ സ്മൃതി മന്ദാന
Cricket
ബംഗ്ലാദേശിനെ അടിച്ചുതകര്‍ത്ത് നേടിയത് ചരിത്രനേട്ടം; സെഞ്ച്വറി തിളക്കത്തില്‍ സ്മൃതി മന്ദാന
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 8:20 am

ഇന്ത്യ വുമണ്‍സും ബംഗ്ലാദേശ് വുമണ്‍സും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ 21 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

സെയില്‍സെറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 25 പന്തില്‍ 33 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഫോറുകളും ഒരു സിക്‌സും ആണ് താരം നേടിയത്. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ എന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും സമൃതി മന്ദാനക്ക് സാധിച്ചു. ഈ നേട്ടത്തില്‍ ആദ്യം എത്തിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ആണ്.

സ്മൃതിക്ക് പുറമേ ദയാലിന്‍ ഹേമലത 28 പന്തില്‍ 37 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 24 പന്തില്‍ 30 റണ്‍സും റിച്ച ഘോഷ് 17 പന്തില്‍ പുറത്താവാതെ 28 നേടി നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ രാധ യാദവ് മൂന്ന് വിക്കറ്റും ആശാ ശോഭന രണ്ട് വിക്കറ്റും ടിറ്റാസ് സാധു ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ബംഗ്ലാദേശിനായി ഋതു മോണി 33 പന്തില്‍ 37 റണ്‍സും ഷൊരിഫാ കാറ്റൂൺ 21 പന്തില്‍ പുറത്താവാതെ 28 നേടി മികച്ച ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും 21 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Smriti Mandhana completed 100 six in International cricket