ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആതിഥേയര്‍ തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ ഏകദിനത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.
പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തില്‍ മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 83 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 215 റണ്‍സിന് പുറത്തായി.
ഇന്ത്യയ്ക്കായി സ്മൃതി മന്ഥാന സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. മന്ഥാന 109പന്ത് നേരിട്ട് 105 റണ്‍സ് നേടി. 64 പന്തില്‍ 39 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
14 ഫോറും ഒരു സിക്‌സറും അടക്കം 96.33 സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന 105 റണ്‍സ് നേടിയത്. ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും മന്ഥാനയെ തേടിയെത്തി. ഒരു കലണ്ടര്‍ ഇയറില്‍ നാല് ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്. ഇതിഹാസ താരം ബെലിന്‍ഡ ക്ലാര്‍ക്കിനെയടക്കം മറികടന്നുകൊണ്ടാണ് മന്ഥാന ഈ ചരിത്ര നേട്ടത്തിലെത്തിയത്.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് സെഞ്ച്വറി നേടിയ മന്ഥാന, നേരത്തെ ന്യൂസിലാന്‍ഡിനെതിരെയും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെയും സെഞ്ച്വറി പൂര്‍ത്തിയാക്കി.
(താരം – ടീം – സെഞ്ച്വറി – വര്‍ഷം എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 4 – 2024*
ബെലിന്‍ഡ ക്ലാര്‍ക്ക് – ഓസ്‌ട്രേലിയ – 3 – 1997
മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ – 3 – 2016
എമി സാറ്റേര്‍ത്‌വൈറ്റ് – ന്യൂസിലാന്‍ഡ് – 3 – 2016
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 3 – 2018
സിദ്ര അമിന്‍ – പാകിസ്ഥാന്‍ – 3 – 2022
നാറ്റ് സ്‌കിവെര്‍-ബ്രണ്ട് – ഇംഗ്ലണ്ട് – 3 – 2023
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 3 – 2024
ഈ വര്‍ഷം കളിച്ച പത്ത് ഇന്നിങ്‌സില്‍ നിന്നും 59.90 ശരാശരിയില്‍ 599 റണ്‍സാണ് മന്ഥാന നേടിയത്. നാല് സെഞ്ച്വറിക്ക് പുറമെ ഒരു അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മന്ഥാന.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
ലോറ വോള്‍വാര്‍ഡ് – സൗത്ത് ആഫ്രിക്ക – 12 – 697 -87.12
സ്മൃതി മന്ഥാന – ഇന്ത്യ – 10 – 599 – 59.90
ടാമി ബ്യൂമൗണ്ട് – ഇംഗ്ലണ്ട് – 14 – 544 – 50.36
ചമാരി അത്തപ്പത്തു – ശ്രീലങ്ക – 9 – 458 – 65.42
മാരിസന്‍ കാപ്പ് – സൗത്ത് ആഫ്രിക്ക – 12 – 449- 44.90
വെസ്റ്റ് ഇന്‍ഡീസിന്റെ വനിതാ ടീമിനെതിരെ സ്വന്തം തട്ടകത്തിലാണ് ഇനി ഇന്ത്യക്ക് മത്സരമുള്ളത്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി-20, ഏകദിന പരമ്പരകള്‍ക്കായാണ് വിന്‍ഡീസ് ഇന്ത്യയിലെത്തുന്നത്.
മൂന്ന് ടി-20യും അത്ര തന്നെ ഏകദിനങ്ങളുമാണ് വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം. ഡിസംബര്‍ 15നാണ് പരമ്പരയിലെ ആദ്യ മത്സരം. മുംബൈയിലെ ഡി.വൈ. പാട്ടീല്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടാണ് വേദി.
Content Highlight: Smriti Mandhana becomes the first player to score four centuries in a calendar year in women’s ODIs