ലോകകപ്പില്‍ പാകിസ്ഥാനെതിരെ മന്ദാന കളിക്കില്ല, കാരണമിത്; ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളും സംശയത്തിന്റെ നിഴലില്‍
Sports News
ലോകകപ്പില്‍ പാകിസ്ഥാനെതിരെ മന്ദാന കളിക്കില്ല, കാരണമിത്; ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളും സംശയത്തിന്റെ നിഴലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 11:50 am

വനിതാ ടി-20 ലോകകപ്പില്‍ ഞായറാഴ്ച പാകിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനക്ക് ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച ഓസീസിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് മന്ദാനക്ക് പരിക്കേറ്റത്. താരം ഇപ്പോഴും പൂര്‍ണമായും ഫിറ്റല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റതിന് പിന്നാലെ ബുധനാഴ്ച ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും മന്ദാന ഇറങ്ങിയിരുന്നില്ല.

‘പ്രാക്ടീസ് മാച്ചിനിടെ അവള്‍ക്ക് പരിക്കേറ്റു. അവള്‍ ലോകകപ്പില്‍ നിന്നും പുറത്തായി എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പക്ഷേ അവള്‍ക്ക് പാകിസ്ഥാനെതിരായ മത്സരം നഷ്ടമാകും,’ ഐ.സി.സി വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണറില്‍ നിന്നും മാറി വണ്‍ ഡൗണായാണ് മന്ദാന കളത്തിലിറങ്ങിയത്. വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു മത്സരത്തില്‍ മന്ദാന നേരിട്ടത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ആരോഗ്യനിലയും സംശയത്തിന്റെ നിഴലിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ കൗറിന്റെ പുറം ഭാഗത്തിന് പരിക്കേറ്റിരുന്നു.

‘ബോഡി ഈസ് ഫൈന്‍, വിശ്രമിക്കുന്നതോടെ എല്ലാം ശരിയാകും,’ എന്നായിരുന്നു മത്സരശേഷം കൗര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സന്നാഹ മത്സരങ്ങളിലൊന്നും തന്നെ കൗര്‍ കളത്തിലിറങ്ങിയിട്ടില്ലായിരുന്നു.

 

ഗ്രൂപ്പ് ബിയിലാണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യയുടെ സ്ഥാനം. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെടുത്തിയ കിരീടം എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്നുറച്ചാണ് ഹര്‍മന്‍പ്രീതും സംഘവും സൗത്ത് ആഫ്രിക്കയിലേക്ക് പറന്നിരിക്കുന്നത്. ഓസ്‌ട്രേലിയയോടായിരുന്നു കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നത്.

പ്രഥമ അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ചാമ്പ്യന്‍മാരായത് സീനിയര്‍ ടീമിന് ഏറെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. വനിതാ ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം ലോകകിരീടം തന്നെയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

 

ഇന്ത്യ സ്‌ക്വാഡ്

ഹര്‍മന്‍ പ്രീത് കൗര്‍ (ക്യാപ്റ്റന്‍) സ്മൃതി മന്ദാന, യാഷ്ടിക ഭാട്ടിയ, ഹര്‍ലീന്‍ ഡിയോള്‍, രാജേശ്വരി ഗെയ്ക്വാദ്, ജെമിയ റോഡ്രിഗസ്, അഞ്ജലി സര്‍വാനി, ദീപ്തി ശര്‍മ, രേണുക സിങ്, ദേവിക വൈദ്യ, പൂജ വസ്ത്രാര്‍ക്കര്‍, ഷെഫാലി വര്‍മ, രാധ യാദവ്, റിച്ച ഘോഷ്, ശിഖ പാണ്ഡേ

 

 

Content highlight: Smriti Mandana will not play in Women’s T20 World Cup match against Pakistan, reports