| Thursday, 13th July 2023, 4:18 pm

ചരിത്രത്തില്‍ നാലാമത്; ഡബിള്‍ സെഞ്ച്വറിയടിച്ച് മന്ദാന; ആദ്യ റണ്ണെടുക്കും മുമ്പേ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വനിതാ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഷേര്‍ ഇ ബംഗ്ലയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍ സ്മൃതി മന്ദാന ഒറ്റ റണ്‍സ് നേടി പുറത്തായപ്പോള്‍ ഷെഫാലി വര്‍മ 11 റണ്‍സും നേടി പുറത്തായി. മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന നടത്തിയ ചെറുത്തുനില്‍പാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ഹര്‍മന്‍പ്രീത് 40 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെമീമ 28 റണ്‍സും നേടി. ശേഷമെത്തിയവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടി.

നാല് പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്.

ബംഗ്ലാദേശിനായി റബേയ ഖാതൂന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുല്‍ത്താന ഖാതൂന്‍ രണ്ട് വിക്കറ്റും നേടി. നാഹിദ അക്തര്‍, ഫാത്തിമ ഖാതൂന്‍, ഷോമ അക്തര്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സ്മൃതി മന്ദാനക്ക് സാധിച്ചിരുന്നു. വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കായി 200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരം എന്ന റെക്കോഡാണ് മന്ദാന സ്വന്തമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന നാലാമത് മാത്രം താരവും രണ്ടാമത് ആക്ടീവ് താരവുമാണ് സ്മൃതി മന്ദാന.

വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരങ്ങള്‍

മിതാലി രാജ് – 333

ജുലന്‍ ഗോസ്വാമി – 284

ഹര്‍മന്‍പ്രീത് കൗര്‍ – 281*

സ്മൃതി മന്ദാന – 200*

അതേസമയം, 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് മികച്ച നിലയിലാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണര്‍ ഷാതി റാണി ബോര്‍മന്‍, ദിലാര അക്തര്‍, ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ബോര്‍മനെയും ദിലാരയെയും മിന്നു മണി മടക്കിയപ്പോള്‍ ദേവിക വൈദ്യയാണ് സുല്‍ത്താനയെ പുറത്താക്കിത്.

38 പന്തില്‍ നിന്നും 36 റണ്‍സുമായി ഷമിന സുല്‍ത്താനയും നാല് പന്തില്‍ ഒരു റണ്‍സുമായി ഷോമ അക്തറുമാണ് ക്രീസില്‍.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ വിജയിച്ച് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാണ് ബംഗ്ലാദേശ് ഒരുങ്ങുന്നത്.

Content Highlight:  Smriti Mandana played 200 internationals for India

We use cookies to give you the best possible experience. Learn more