വയനാട്ടുകാരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്: സ്മൃതി ഇറാനി
D' Election 2019
വയനാട്ടുകാരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്: സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2019, 10:35 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രികാ സമര്‍പ്പണത്തിന് തയ്യാറെടുക്കവേ രാഹുലിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും അമേഠി മണ്ഡലത്തിലെ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന് മുന്‍പ് വയനാട്ടുകാരോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് സ്മൃതി ഇറാനി സംസാരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അമേഠിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത രാഹുല്‍ ഗാന്ധിയാണ് അമേഠിക്ക് പിറകെ ഇപ്പോള്‍ വയനാട്ടില്‍ കൂടെ മത്സരിക്കുന്നത് എന്നായിരുന്നു ഇറാനിയുടെ വിമര്‍ശനം.


തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ സുരേന്ദ്രന്‍ കൂടെക്കൂട്ടിയത് ക്ഷേത്രത്തില്‍ നിന്നും ചെമ്പുപാളി മോഷ്ടിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ


“” വയനാട്ടിലെ ജനങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. നിങ്ങള്‍ അമേഠിയിലേക്ക് ഒരു തവണയെങ്കിലും വരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ അമേഠിയില്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ടുകാണാമല്ലോ. ഒരു വികസനവും അദ്ദേഹം അവിടെ നടത്തിയിട്ടില്ല””- എന്നായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശം.

അമേഠിക്കാരുടെ പിന്തുണ കൊണ്ട് 15 വര്‍ഷത്തെ ഭരണം അദ്ദേഹം ആസ്വദിച്ചു. ഇപ്പോള്‍ അദ്ദേഹം മറ്റൊരിടത്ത് നോമിനേഷന്‍ നല്‍കാന്‍ പോകുന്നു. ഇത് അമേഠിയെ അപമാനിക്കുന്നതിന് തുല്യമാണ്. അമേഠിയിലെ ജനങ്ങള്‍ ഇത് ക്ഷമിക്കില്ല- സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് രാജ്യത്തെ കട്ടുമുടിക്കുകയായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.