| Thursday, 19th January 2017, 10:35 am

'വിദ്യാഭ്യാസ യോഗ്യത പുറത്തുവിടരുതെന്ന് സ്മൃതി ഇറാനി പറഞ്ഞിട്ടുണ്ടെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി: പുറത്തവിട്ടേ തീരൂവെന്ന് വിവരാവകാശ കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ ബിരുദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ച രേഖകള്‍ നല്‍കാത്തതിന് കേന്ദ്രവിവരാവകാശ കമ്മീഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയെന്നോണമാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഈ ന്യായീകരണം തള്ളിയ വിവരാവകാശ കമ്മീഷന്‍ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാന്‍ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിന് നിര്‍ദേശം നല്‍കി.


Must Read:വേട്ടയാടാനുള്ള യഥാര്‍ത്ഥ കാരണം കമല്‍ മോദിയെ വിമര്‍ശിച്ചത്: അന്നേ കമലിനെ മാര്‍ക്കു ചെയ്തിരുന്നെന്ന് ടി.ജി മോഹന്‍ദാസ് 


“വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖ പുറത്തുവിടുന്നത് എതിര്‍ത്ത സ്മൃതി ഇറാനി ഇക്കാര്യം പരസ്യമാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ” എന്നാണ് വിവരാവകാശ കമ്മീഷനെ ദല്‍ഹി യൂണിവേഴ്‌സിറ്റി അറിയിച്ചത്. എന്നാല്‍ ഇത് തേഡ് പാര്‍ട്ടി ഇന്‍ഫര്‍മേഷന്റെ പരിധിയില്‍ വരില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും പറഞ്ഞ് രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു നിര്‍ദേശിക്കുകയായിരുന്നു.

സ്മൃതി ഇറാനിയുടെ പത്താംക്ലാസിലെയും 12ക്ലാസിലെയും വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് കഴിഞ്ഞദിവസം സി.ബി.എസ്.ഇക്ക് വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിരുദരേഖകള്‍ കൂടി പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

2004, 2011, 2014 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന വിദ്യാഭ്യാസ യോഗ്യതകളില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദങ്ങളുടെ തുടക്കം. 2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സത്യവാങ്മൂലത്തില്‍ പറുയന്നത് 1996ല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയെന്നാണ്. എന്നാല്‍ 2011 ജൂലൈയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബികോം പാര്‍ട്ട് വണ്‍ ആണ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

ഈ ഹരജി കോടതി തള്ളിയെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട് ഒരാള്‍ പരാതി നല്‍കുകയായിരുന്നു.

മോദിയുടെ വിദ്യാഭ്യാസ രേഖ പുറത്തുവിടാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ നേരത്തെ ശ്രീധര്‍ ആചാര്യലുവിനെ എച്ച്.ആര്‍.ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരാവകാശ കമ്മീഷണറുടെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയിലിരിക്കെ നോട്ടീസ് നല്‍കിയ വിഷയം എന്ന നിലയിലാണ് സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചത്.

We use cookies to give you the best possible experience. Learn more