| Sunday, 12th May 2024, 4:20 pm

മോദിയുമായി സംവദിക്കാൻ രാഹുൽ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ: സ്‌മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി.

മോദിയുമായി സംവദിക്കാൻ രാഹുൽ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോയെന്ന് സ്‌മൃതി ഇറാനി. മോദിയെപ്പോലുള്ളൊരു വ്യക്തിയോട് സംവാദം നടത്താൻ രാഹുലിന് സാധിക്കുമോ എന്നും സ്‌മൃതി ഇറാനി ചോദിച്ചു.

സ്വന്തം മണ്ഡലം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു സാധാരണ ബി.ജെ.പി സ്ഥാനാർത്ഥിയോട് മത്സരിക്കാനുള്ള ധൈര്യം പോലുമില്ലാത്ത രാഹുൽ ഗാന്ധി എങ്ങനെ പ്രധാന മന്ത്രിയെപ്പോലൊരു വ്യക്തിയോട് സംവാദം നടത്തും. അദ്ദേഹത്തോടൊപ്പം സംവാദം നടത്താൻ എന്ത് യോഗ്യതയാണ് രാഹുലിനുള്ളതെന്നും അവർ ചോദിച്ചു.

മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി. ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവരാണ് മോദിയെയും രാഹുൽ ഗാന്ധിയെയും സംവാദത്തിനു ക്ഷണിച്ചത്. ഈ മാസം ഒമ്പതിനായിരുന്നു ഇരുവർക്കും കത്തയച്ച് സംവാദത്തിന് ക്ഷണിച്ചത്.

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞ വസ്തുതകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനാണ് സംവാദം.

ഇത് സംബന്ധിച്ച് മൂവരും രാഹുൽ ഗാന്ധിക്കും നരേന്ദ്ര മോദിക്കും അയച്ച കത്തിന് രാഹുൽ ഗാന്ധി മറുപടി അയച്ചിരുന്നു. തന്റെ ഔദ്യോഗിക ലെറ്റർ പാഡിലൂടെ തനിക്ക് സംവാദത്തിനു സമ്മതമാണെന്നും എന്നാൽ നരേന്ദ്ര മോദി അതിനു തയ്യാറാണോ എന്നുമാണ് രാഹുൽ ഗാന്ധി ചോദിച്ചത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി ഇത് പങ്കുവച്ചത്.

‘നിങ്ങളുടെ ക്ഷണത്തെക്കുറിച്ച് ഞാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച ചെയ്തു. ഇത്തരമൊരു സംവാദം നടത്തുന്നത് ജനങ്ങൾക്ക് ഞങ്ങളുടെ നയം മനസ്സിലാക്കിക്കൊടുക്കാൻ കൂടുതൽ സഹായകമാകും.തികഞ്ഞ ബോധത്തോടെ തെരഞ്ഞെടുപ്പിൽ പങ്കുചേരാൻ അവരെ സഹായിക്കും. അതോടൊപ്പം ഞങ്ങളുടെ നേതാക്കൻമാരുടെ മേൽ അടിസ്ഥാന രഹിതമായി നൽകിയിരിക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്നും ഈ സംവാദം ജനങ്ങൾക്ക് മനസിലാക്കികൊടുക്കും. തെരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന പാർട്ടികൾ എന്ന നിലയിൽ ആ പാർട്ടിയിലെ നേതാക്കളിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്’ രാഹുൽ ഗാന്ധി വ്യക്തമാക്കി.

Content Highlight: Smriti Irani’s statement

We use cookies to give you the best possible experience. Learn more