ന്യൂദല്‍ഹി: ഷാരൂഖ് ഖാന്‍-ദീപിക പദുകോണ്‍ താരജോഡികളുടെ പുതിയ സിനിമയായ പത്താനിലെ ബിക്കിനി വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി തൃണമൂല്‍ കോണ്ഗ്രസ് നേതാവ്.
1998ലെ മിസ് ഇന്ത്യാ ഫാഷന്‍ ഷോയില്‍ നിന്നുള്ള സ്മൃതി ഇറാനിയുടെ വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്ത തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്മൃതി ഇറാനി കാവി നിറത്തിലുള്ള സ്യൂട്ടിട്ട് റാമ്പ് വാല്‍ക്ക് ചെയ്യുന്ന വീഡിയോയായാണ് തൃണമൂല്‍ നേതാവ് പങ്കുവെച്ചത്.
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായാണ് റിജു ദത്ത ഫാഷന്‍ ഷോ വീഡിയോ പങ്കുവെച്ചത്. എന്നാലിത് സോഷ്യല്‍ മീഡിയയിലെ ബി.ജെ.പി തൃണമൂല്‍ പോരിന് വഴി തുറന്നിരിക്കുകയാണ്.
‘സ്ത്രീ വിരുദ്ധരായ ഇത്തരം പുരുഷന്മാരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവാക്കിയ മമതാ ബാനര്‍ജിയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. സ്ത്രീകളോടും, അവര്‍ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളോടും അയാള്‍ക്ക് ബഹുമാനമില്ല. വിജയിച്ച സ്ത്രീകളെയും അവരുടെ ഉയര്‍ച്ചയെയും അയാള്‍ വിലകുറച്ച് കാണുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദികള്‍ ഇയാളെപ്പോലുള്ള മനുഷ്യരാണ്,’ എന്നാണ് റിജു ദത്തയുടെ ട്വീറ്റിന് മറുപടിയായി ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞത്.
Shame on Mamata Banerjee for appointing such misogynist men as TMC’s national spokesperson. He has no respect for women and the choices they make in life. They resent successful women and their rise. Men like him are responsible for rising crime against women. https://t.co/56WntLxKgb
എന്നാല്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ പ്രതികണത്തിന് മറുപടിയായി തൃണമൂല്‍ കോണ്ഗ്രസ് നേതാവ് വീണ്ടും രംഗത്തെത്തി.
ബില്‍കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ എത്ര ബി.ജെ.പി നേതാക്കള്‍ ന്യായീകരിച്ചിട്ടുണ്ട്. സംസ്‌കാര സമ്പന്നരായ ബ്രാഹ്മണന്‍മാര്‍ എന്നായിരുന്നു ഇത്തരം ബലാത്സംഗ പ്രതികളെ ബി.ജെ.പി വിശേഷിപ്പിച്ചതെന്ന് രിജു ദത്ത ട്വീറ്റ് ചെയ്തു.
‘കാവി നിറം നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃ സ്വത്താണെന്ന അവകാശ വാദം ആദ്യം അവസാനിപ്പിക്കൂ. ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിറയലുണ്ടാകുന്നു; എന്നാല്‍ സ്മൃതി ഇറാനി ചെയ്യുമ്പോള്‍ നിങ്ങള്‍ കണ്ണടക്കുന്നു. എന്തൊരു തരം കാപട്യമാണിത്.
മാത്രമല്ല സ്ത്രീ ശാക്തീകരണത്തിന്റെ നിര്‍വചനമായ ഒരു നേതാവ് നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്നാല്‍ ബലാത്സംഗക്കാരെ സംസ്‌കാര സമ്പന്ന ബ്രാഹ്മണരായി കരുതുന്ന ഒരു പാര്‍ട്ടിയെ ആണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്,’ റിജു ദത്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്താന്‍ സിനിമയിലെ ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി മന്ത്രിമാരുള്‍പ്പെടെ സിനിമക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.
പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.
വിഷയത്തില്‍ പ്രതികരണവുമായി ഷാരൂഖും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്.
നിഷേധാത്മകത എന്നത് സമൂഹ മാധ്യമ ഉപയോഗത്തെ കൂട്ടുമെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും. അത്തരം ശ്രമങ്ങള്‍ കൂട്ടായ്മ എന്നതിനെ അവസാനിപ്പിച്ച് പകരം ഭിന്നിപ്പിക്കലിന് കാരണമാകും. വരുന്ന തലമുറയ്ക്കായി സിനിമയിലൂടെ നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.