ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ തന്റെ വിജയത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.
‘എനിക്കറിയില്ല, എന്തിനാണ് ജനങ്ങള്‍ അത്ഭുതപ്പെടുന്നതെന്ന്. അമേഠിയിലെ ജനങ്ങളും വികസനം ആഗ്രഹിക്കുന്നു. അവരുടെ എം.പി അഞ്ച് വര്‍ഷത്തോളം അവരോടൊപ്പം നില്‍ക്കണം. അല്ലാതെ വിജയിച്ചതിന് ശേഷം സുരക്ഷിതമായി വിശ്രമിക്കുകയല്ല വേണ്ടത്.’ സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയിലെ ജനങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും സ്മൃതി പറഞ്ഞു.
അമേഠിയില്‍ വികസനമൊന്നും വരാത്തതില്‍ കോണ്‍ഗ്രസ് പലപ്പോഴും സമാജ് വാദി പാര്‍ട്ടിയെയും ബഹുജന്‍ സമാജ് പാര്‍ട്ടിയെയും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടാറുണ്ട്. അഖിലേഷ് യാദവ് പറഞ്ഞിട്ടുണ്ട് രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും അമേഠിയിലെ വികസനത്തെക്കുറിച്ച് തനിക്ക് എഴുതിയിട്ടില്ലെന്ന്. സ്മൃതി ഇറാനി പറഞ്ഞു.
അമേഠിയില്‍ പരാജയം ഉറപ്പായതിന് ശേഷമാണ് രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നും സ്മൃതി കുറ്റുപ്പെടുത്തി.