| Friday, 18th September 2020, 11:40 pm

അംഗങ്ങള്‍ തമ്മില്‍ കാണാറുപോലുമില്ല, ആര്‍ക്കും ഒരു ഉപകാരവുമില്ല: കൈത്തറി ബോര്‍ഡ് എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഖിലേന്ത്യ കൈത്തറി ബോര്‍ഡ് എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ബോര്‍ഡ് അംഗങ്ങള്‍ തമ്മില്‍ പരസ്പരം കാണുകയോ യോഗങ്ങള്‍ നടത്തുകയോ ചെയ്യാറില്ലെന്നും നയരൂപീകരണത്തില്‍ പോലും യാതൊരു സംഭാവനയും നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് എടുത്തുകളയാന്‍ തീരുമാനിച്ചതെന്ന് സ്മൃതി ഇറാനി പാര്‍ലമെന്റ് സമ്മേളനത്തില്‍ അറിയിച്ചു.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീര്‍ഘവും കൃത്യവുമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തെ കൈത്തറി തൊഴിലാളികള്‍ക്ക് ബോര്‍ഡിനെക്കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് അന്വേഷണത്തില്‍ നിന്നും മനസ്സിലായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗസ്തിലാണ് അഖിലേന്ത്യ കൈത്തറി ബോര്‍ഡും കരകൗശല ബോര്‍ഡും എടുത്തുകളഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചത്. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ആഗസ്ത് 7ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ നടക്കുന്നതിനിടെയായിരുന്നു ബോര്‍ഡ് എടുത്തുകളഞ്ഞ വിവരം സര്‍ക്കാര്‍ അറിയിച്ചതെന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോള്‍ വകുപ്പ് മന്ത്രി കാരണങ്ങള്‍ വിശദീകരിച്ച ശേഷവും വിമര്‍ശനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല. കൈത്തറി തൊഴിലാളികള്‍ക്കും കരകൗശലനിര്‍മ്മാതാക്കള്‍ക്കുമുള്ള ഒരേയൊരു ഔദ്യോഗികവേദിയായിരുന്നു ഈ ബോര്‍ഡുകളെന്നും ഇപ്പോള്‍ അതുകൂടി ഇല്ലാതായിരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും കരകൗശലനിര്‍മ്മാതാവുമായ ലൈല ത്യാബ്ജി വിമര്‍ശനമുന്നയിച്ചു.

‘കൈത്തറി തൊഴിലാളികള്‍ക്കും കരകൗശലനിര്‍മ്മാതാക്കള്‍ക്കുമുള്ള ഒരേയൊരു ഔദ്യോഗികവേദിയായിരുന്നു ഈ ബോര്‍ഡുകള്‍. എത്രതന്നെ നിസ്സാരവത്കരിക്കപ്പെട്ടു എന്നുപറഞ്ഞാലും ഈ വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ക്ക് ഇവിടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. സര്‍ക്കാര്‍ നയങ്ങളിലും ചെലവാക്കുന്ന തുകകളിലും വരെ അഭിപ്രായവും നിര്‍ദേശവും നല്‍കാന്‍ വരെ കൈത്തറി-കരകൗശല മേഖലയില്‍ നിന്നുള്ളവര്‍ക്കാകുമായിരുന്നു.’ ലൈല ത്യാബ്ജി പറഞ്ഞു.

ദേശീയ ബോര്‍ഡുകള്‍ എടുത്തുകളഞ്ഞെങ്കിലും സംസ്ഥാന കൈത്തറി വകുപ്പുകളും നെയ്ത്തുതൊഴിലാളി സര്‍വീസ് സെന്ററുകളും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.

‘നയരൂപീകരണത്തിലും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിലും സംസ്ഥാന കൈത്തറി വകുപ്പുകളുംനെയ്ത്തുതൊഴിലാളി സര്‍വീസ് സെന്ററുകളും മികച്ച സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൈത്തറി തൊഴിലാളികളെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ബോധവാത്മാരാക്കുന്നതിനും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ്(ജി.ഇ.എം)ലേക്ക് എത്തിക്കുന്നതിനും ചൗപാല്‍ വഴി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കാണാനും ഈ സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ട്.’സ്മൃതി ഇറാനി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Members rarely met, no benefit for weavers: Smriti Irani on Centre scrapping Handloom Board

We use cookies to give you the best possible experience. Learn more