'വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് ഇരയെ ഇനിയും അവഹേളിക്കരുത്'; കത്‌വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ സ്മൃതി ഇറാനി
Kathua gangrape-murder case
'വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് ഇരയെ ഇനിയും അവഹേളിക്കരുത്'; കത്‌വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2018, 6:02 pm

 

ന്യൂദല്‍ഹി: കാശ്മീര്‍ കത്‌വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇരയെ അവഹേളിക്കരുതെന്നും വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സ്മൃതി ഇറാനി പറഞ്ഞു.

“നിയമവും ഭരണകൂടവും ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. എന്നാല്‍ ഒരു സ്ത്രീയെന്ന നിലയില്‍, ആ ഇരയെ ഇനിയും അവഹേളിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”, സ്മൃതി ഇറാനി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവായ ഗായത്രി പ്രജാപതിക്കു വേണ്ടി വോട്ടു ചോദിച്ചവരാണ് ഇന്ന് കതുവ വിഷയത്തില്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

 

 

കത്‌വയിലേയും ഉനാവോയിലേയും ബലാത്സംഗക്കേസുകള്‍ വര്‍ഗീയവത്ക്കരിക്കുകയാണ് പ്രതിപക്ഷമെന്നും കേന്ദ്രസര്‍ക്കാരിന് മേല്‍ കുറ്റം ചാര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നും നേരത്തെ ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ആരോപിച്ചിരുന്നു. മൈനോറിറ്റി മൈനോറിറ്റി എന്ന് വിളിച്ചും ദളിത് ദളിത് എന്നു പറഞ്ഞും വിമണ്‍ വിമണ്‍ എന്ന് മുദ്രാവാക്യം വിളിച്ചും അവര്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കുകയാണ്. എന്നാല്‍ ബി.ജെ.പിയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഇത്തരം ശ്രമങ്ങളൊന്നും വിലപ്പോവില്ലെന്നും മീനാക്ഷി ലേഖി പ്രതികരിച്ചു.


Also Read: കഠ്വ കേസില്‍ നീതിക്ക് വേണ്ടി പോരാടുന്ന രണ്ട് കശ്മീരി പണ്ഡിറ്റുകള്‍


ജമ്മുവിനടുത്തുള്ള കത്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. എട്ടുവയസുകാരിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്. ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.

സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.


Watch DoolNews Video: