ന്യൂദല്‍ഹി: ലോക്‌സഭയില്‍ ബി.ജെ.പി വനിതാ എം.പിമാര്‍ക്ക് രാഹുല്‍ ഗാന്ധി ‘ഫ്‌ളയിങ് കിസ്’ നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വനിതാ എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണം. എന്നാല്‍ ഇതുസംബന്ധിച്ച ദൃശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സഭയില്‍ നിന്ന് രാഹുല്‍ ഇറങ്ങിപ്പോകുമ്പോള്‍ ‘ഫ്‌ളയിങ് കിസ്’ നല്‍കിയെന്നാണ് സ്മൃതി ഇറാനി പറയുന്നത്. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മത്രമേ ഇങ്ങനെ ചെയ്യാനാകുവെന്നു സ്മൃതി ഇറാനി ലോക്‌സഭയില്‍ സംസാരിക്കവെ പറഞ്ഞു.
അതേസമയം, മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും, പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നുമടക്കമുള്ള കടുത്ത വിമര്‍ശനമാണ് രാഹുല്‍ തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചത്. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണെന്നും ബി.ജെ.പി രാജ്യസ്നേഹികളല്ല രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണ്. ഞാന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ? അദ്ദേഹം മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്. ഇന്ത്യയുടെ ശബ്ദം കേട്ടില്ലെങ്കില്‍ മോദി പിന്നെ ആരെ കേള്‍ക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാന മന്ത്രി രാവണനെ പോലെയാണെന്നും അദ്ദേഹം കേള്‍ക്കുന്നത് അമിത് ഷായെയും ഗൗതം അദാനിയെയുമാണ്, ഭാരതത്തെയല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.