D' Election 2019
ഷൂ വിതരണം ചെയ്ത് സ്മൃതി ഇറാനി ജനങ്ങളെ അപമാനിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി; നാടകം അവസാനിപ്പിക്കാന്‍ പ്രിയങ്കയോട് സ്മൃതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 22, 01:24 pm
Monday, 22nd April 2019, 6:54 pm

ലഖ്‌നൗ: അമേഠിയില്‍ കേന്ദ്രമന്ത്രിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സ്മൃതി ഇറാനി ജനങ്ങള്‍ക്ക് ഷൂ വിതരണം ചെയ്‌തെന്നും അതു ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ ഇത്തവണയും അമേഠിയില്‍ മത്സരിക്കുന്നത് സ്മൃതിയാണ്.

‘സ്മൃതി ഇറാനി ഇവിടെവന്ന് ജനങ്ങള്‍ക്ക് ഷൂ വിതരണം ചെയ്തു. ജനങ്ങള്‍ക്കു ധരിക്കാന്‍ ഷൂ പോലുമില്ലെന്നു വരുത്തിത്തീര്‍ക്കുന്നതിനാണ് അവര്‍ ശ്രമിച്ചത്. രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിനു വേണ്ടിയാണിത്. പക്ഷേ അവര്‍ അപമാനിച്ചത് അമേഠിയിലെ ജനങ്ങളെയാണ്.’- പ്രിയങ്ക കുറ്റപ്പെടുത്തി.

അമേഠിയിലെ പാവപ്പെട്ടവരെ കാണാനും അവര്‍ക്ക് ഷൂ വാങ്ങിക്കാനുള്ള പണമില്ലെന്നുമായിരുന്നു സ്മൃതിയുടെ മറുപടി. ‘ഞാനൊരു നടിയാണ്. പക്ഷേ ഞാന്‍ പ്രിയങ്കയോട് ആവശ്യപ്പെടുന്നത് ഈ നാടകം അവസാനിപ്പിക്കാനാണ്.’- അവര്‍ പറഞ്ഞു.

കഴിഞ്ഞതവണയും അമേഠിയില്‍ രാഹുലിനെതിരേ മത്സരിച്ച സ്മൃതി പരാജയപ്പെട്ടത് ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്.