| Saturday, 14th October 2023, 9:56 am

അമേഠിയില്‍ ഒരിക്കല്‍ കൂടി മത്സരിക്കാനുള്ള ധൈര്യം രാഹുല്‍ ഗാന്ധിക്കില്ല: സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അമേഠിയില്‍ നിന്ന് ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് പറയാനുള്ള ധൈര്യം രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് രാഹുല്‍ തെക്കന്‍ ഇന്ത്യയില്‍ പോയി മത്സരിക്കുന്നതെന്നും സ്മൃതി പറഞ്ഞു. അമേഠിയില്‍ 25 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരിസമാപ്തിയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഇവിടെയുള്ള ആളുകള്‍ അവരുടെ എം.പിയെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കാണുന്നത്. അതും കുറഞ്ഞ മണിക്കൂറുകള്‍ മാത്രം. അദ്ദേഹത്തെ അമേഠിയിലുള്ളവര്‍ കാണുന്നില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ക്വാട്ടയില്‍ നിന്നുള്ള ഫണ്ടും ഇവിടെ ചെലവഴിക്കപ്പെടുന്നില്ല,’ സ്മൃതി ഇറാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി അമേഠിയിലുണ്ടായ വികസനം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കാണാത്തതാണെന്നും സ്മൃതി പറഞ്ഞു.

അതേസമയം, അമേഠിയില്‍ സ്ഥിരസാന്നിധ്യമാണ് സ്മൃതി ഇറാനി എന്ന് പറഞ്ഞ യോഗി ആദിത്യനാഥ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അമേഠി സന്ദര്‍ശിക്കാറുള്ളൂവെന്നും വിമര്‍ശിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയ 107 മെഡല്‍ നേട്ടങ്ങളില്‍ 25 ശതമാനവും തങ്ങളുടെ സംസ്ഥാനത്തെ അത്‌ലെറ്റുകളുടെ സംഭാവനയാണെന്നും യോഗി പ്രസ്താവിച്ചു.

Content Highlights: Smriti Irani dares Rahul to contest from Amethi again

We use cookies to give you the best possible experience. Learn more