ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പരസ്യമായ പ്രഖ്യാപനമാണ് പട്നയില്‍ നടക്കുന്ന പ്രതിപക്ഷ സമ്മേളനമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതിനാല്‍ പ്രതിപക്ഷ സമ്മേളനത്തിനോട് നന്ദിയുണ്ടെന്നും സ്മൃതി പരിഹസിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷത്തിന് സഹായം ആവശ്യമാണ്. അടിയന്തരാവസ്ഥയില്‍ ജനാധിപത്യത്തിന്റെ കൊലപാതകം കണ്ട നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരുമിക്കുന്നത് പരിഹാസ്യമാണ്. മോദിജിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ലെന്ന സന്ദേശം രാജ്യത്തിന് നല്‍കി ഇക്കൂട്ടര്‍ ഒന്നിക്കുന്നത് പരിഹാസ്യമാണ്.
പ്രധാനമന്ത്രി മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അവര്‍ക്ക് സഹായം ആവശ്യമാണെന്നും പരസ്യമാക്കിയതിന് കോണ്‍ഗ്രസിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.
1984ലെ കലാപവും അടിയന്തരാവസ്ഥയും എം.ഐ.എസ്.എ ആക്ടുമെല്ലാം കോണ്‍ഗ്രസിന്റെ മൊഹബത്തിന്റെ ഉദാഹരണമാണോയെന്ന് വീണ്ടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു,’ സ്മൃതി ഇറാനി പറഞ്ഞു.
ദല്‍ഹി ഓര്‍ഡിനന്‍സിന് എതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണച്ചില്ലെങ്കില്‍ സംയുക്ത പ്രതിപക്ഷത്തില്‍ നിന്ന് പുറത്തുപോകുമെന്ന് കോണ്‍ഗ്രസിന് എ.എ.പി നല്‍കിയ അന്ത്യശാസനത്തെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചു.
‘യോഗത്തില്‍ എന്ത് സംഭവിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് ഒരു നേതാവ് പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്ന് രണ്ടാമത്തെ നേതാവ് പറയുന്നു. എന്റെ പ്രശ്‌നം നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പുറത്തുപോകുമെന്ന് മൂന്നാമത്തെ നേതാവ് പറയുന്നു. ഇതാണ് പ്രതിപക്ഷ ഐക്യത്തിന്റെ അവസ്ഥ.
അധികാരം കൊട്ടാരത്തില്‍ നിന്ന് ജനങ്ങളിലേക്കാണ് മാറിയത്. അതുകൊണ്ട് എപ്പോഴും തങ്ങളുടെ രാഷ്ട്രീയ വംശത്തില്‍ അഭിമാനം കൊള്ളുന്ന ആളുകള്‍ക്ക് അടിയന്തരാവസ്ഥ കാലത്ത് തടവിലാക്കിയ ആളുകളുടെ അടുത്തേക്ക് പോകേണ്ടിവരുന്നു.
എന്നാല്‍ മര്യാദക്ക് ഒരു പാലം പോലും നിര്‍മിക്കാന്‍ കഴിയാത്ത ആളുകളുടെ അടുത്തേക്കാണ് നിങ്ങള്‍ പോകുന്നത്? എന്ത് ജനാധിപത്യം? അവര്‍ പാലം ഉണ്ടാക്കുമോ?,’ സ്മൃതി ഇറാനി ചോദിച്ചു.