| Friday, 30th March 2018, 7:25 am

'കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചു'; ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കുറഞ്ഞ വിലയ്ക്കു കപില്‍ സിബല്‍ സ്വന്തമാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് കപില്‍ സബലിനെതിരെ സ്മൃതി രംഗത്തെത്തിയത്.

നാഷനല്‍ ഹെറാള്‍ഡ് കേസിനു സമാനമായ തട്ടിപ്പാണു സിബല്‍ നടത്തിയതെന്നാണ് സ്മൃതിയുടെ ആരോപണം. ന്യൂദല്‍ഹി നഗരസഭാ പരിധിയില്‍ 89 കോടി രൂപ വിലമതിക്കുന്ന ഭൂമി സിബല്‍ ഒരുലക്ഷം രൂപയ്ക്കു വാങ്ങിയിട്ടുണ്ടെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

“പീയൂഷ് ഗോയല്‍ എന്ന ബിസിനസുകാരനുമായി ചേര്‍ന്നാണു സിബല്‍ തട്ടിപ്പ് നടത്തിയത്. സിബലിനും ഭാര്യയ്ക്കും കൂടി 100 ശതമാനം ഓഹരിയുള്ള ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു ഭൂമി വാങ്ങിയത്. ഒരു ലക്ഷം രൂപയാണു കമ്പനിയുടെ ആസ്തി. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തില്‍ സ്വാധീനമുള്ള ഇന്ത്യന്‍ വ്യവസായികളായ ഗുപ്ത ബ്രദേഴ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്സ് വിന്‍ഡോ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണു ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ്” സ്മൃതി പറയുന്നു.

ഭൂമിവില താഴ്ത്തിയ സമയത്താണു സിപലും ഭാര്യയും കമ്പനി വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച ഒപിഇന്ത്യ എന്ന വെബ്സൈറ്റ് സിബലിനോടു ഇക്കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

“2013-14 വര്‍ഷത്തില്‍ കമ്പനിക്ക് ഒരു ബിസിനസും ഇല്ലായിരുന്നു. ഈ സമയത്ത് 45.21 കോടിയുടെ ഭൂമി ഡല്‍ഹിയില്‍ വാങ്ങിയതായി രേഖയുണ്ട്. 2014-15 വര്‍ഷത്തില്‍ കമ്പനി ഈ ഭൂമിയുടെ “വിപണി വില” സര്‍ക്കാര്‍ കണക്കുപ്രകാരം പുനര്‍നിശ്ചയിച്ചു. രേഖകളില്‍ മൂല്യം 89 കോടിയാക്കി ഉയര്‍ത്തി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിവില താഴ്ത്തി നിശ്ചയിക്കുകയും ആദ്യത്തെ വില രേഖപ്പെടുത്തുകയും ചെയ്തു.” സ്മൃതി ഇറാനി പറയുന്നു

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയ കപില്‍ സിബല്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സ്മൃതി ഇറാനി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more