ന്യൂദല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തു പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും സ്മൃതി ഇറാനി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
തന്നെ ബലംപ്രയോഗിച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്യിച്ചുവെന്ന് ഒരു യുവതി ആരോപിക്കുന്ന വീഡിയോയും സ്മൃതി ഇറാനി ട്വീറ്റു ചെയ്തു.
‘അവര്‍ എന്റെ കൈപിടിച്ചുവെച്ച് ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന്റെ ബട്ടനില്‍ അമര്‍ത്തിച്ചു. താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.’ എന്ന് ഒരു സ്ത്രീ ആവര്‍ത്തിച്ചു പറയുന്നതാണ് വീഡിയോയിലുള്ളത്.
അതിനിടെ, അമേഠിയില്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെയും സ്മൃതി ഇറാനി വിമര്‍ശനമുന്നയിച്ചു. അഞ്ചുവര്‍ഷം മുമ്പ് പ്രിയങ്കയ്ക്ക് തന്റെ പേരുപോലും അറിയില്ലായിരുന്നു. ഇപ്പോള്‍ തന്റെ പേര് മാത്രമാണ് അവര്‍ പറയുന്നതെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.
ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേരിനേക്കാളും തന്റെ പേരാണ് പ്രിയങ്ക ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
വോട്ടെടുപ്പു നടക്കുന്ന ദിവസം രാഹുല്‍ അമേഠിയില്‍ നില്‍ക്കാത്തതിനെയും സ്മൃതി ചോദ്യം ചെയ്തു. ‘ എന്തുകൊണ്ട് ഇന്ന് രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇല്ലെന്ന് ജനങ്ങളോട് പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്തുകൊണ്ട് അദ്ദേഹം രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് വിശദീകരിച്ചു കൊടുക്കണം.’ എന്നും സ്മൃതി പറഞ്ഞു.
ഇത് രണ്ടാം തവണയാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി മത്സരിക്കുന്നത്. കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്.
ആറ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൡലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം പോളിങ് റിപ്പോര്‍ട്ട് ചെയ്തത്. 14.85% പോളിങ്ങാണ് ഇവിടെ നടന്നത്.
രാജസ്ഥാനിലും ജാര്‍ഖണ്ഡിലും 13%ത്തിലേറെ വോട്ടിങ് രേഖപ്പെടുത്തി. യു.പിയില്‍ 10%ത്തോട് അടുക്കുന്നതേയുള്ളൂ. 1%ത്തില്‍ താഴെയാണ് ജമ്മുകശ്മീരിലെ പോളിങ്.