| Saturday, 10th August 2024, 2:54 pm

എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല: സ്മൃതി മന്ഥാന

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സ്മൃതി മന്ഥാന. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഐതിഹാസികമായ ഒരു കരിയറാണ് മന്ഥാന പടുത്തുയര്‍ത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ആരാധകര്‍ മന്ഥാനയെ താരതമ്യം ചെയ്യാറുണ്ട്. കളിക്കളത്തില്‍ വിരാടിന്റെയും സ്മൃതിയുടെയും ഒരേ ജേഴ്സി നമ്പറിലാണ് കളിക്കളത്തില്‍ ഇറങ്ങാറുള്ളത്. ഇന്ത്യന്‍ ടീമിലും റോയല്‍ ചലഞ്ചേഴ്സ് ബെംളൂരുവിനും ഇരുതാരങ്ങളും 18ാം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് കളിക്കാറ്.

ഇപ്പോഴിതാ തന്നെ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്മൃതി. തന്നെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നത് ഇഷ്ടമല്ലെന്നാണ് മന്ഥാന പറഞ്ഞത്. സസ്ടെയ്നബിള്‍ ടീ വിത്ത് ശ്രേയ എന്ന യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സ്മൃതി.

‘വിരാട് കോഹ്‌ലി മികച്ച ഒരു കളിക്കാരനാണ്. ഇന്ത്യന്‍ ക്രിക്കറ്റിനുവേണ്ടി അദ്ദേഹം നേടിയതെല്ലാം അതിശയകരമായ കാര്യങ്ങളാണ്. എനിക്ക് താരതമ്യങ്ങള്‍ ഇഷ്ടമില്ല. ഞാന്‍ 18ാം എന്ന ജേഴ്സി നമ്പര്‍ ധരിച്ചത് കൊണ്ട് എന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യരുത്,’ സ്മൃതി പറഞ്ഞു.

ഇന്ത്യക്കായി 85 ഏകദിന മത്സരങ്ങളില്‍ നിന്നും 3585 റണ്‍സാണ് സ്മൃതിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഏഴ് സെഞ്ച്വറികളും 27 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്. കുട്ടി ക്രിക്കറ്റില്‍ 141 മത്സരങ്ങളില്‍ 135 ഇന്നിങ്സുകളില്‍ നിന്നും 3493 റൺസും താരം നേടി. 26 അര്‍ധസെഞ്ച്വറികളാണ് മന്ഥാന ടി-20യില്‍ നേടിയത്.

അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു സ്മൃതി വഹിച്ചത്. 174 റണ്‍സായിരുന്നു താരം നേടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും സ്മൃതിക്ക് സാധിച്ചു.

എന്നാല്‍ ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് ലങ്ക എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Smrithi Mandhana Talks About Virat Kohli

We use cookies to give you the best possible experience. Learn more