ഏകദിനത്തിലും ടി-20യിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം
Cricket
ഏകദിനത്തിലും ടി-20യിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th September 2022, 10:14 pm

ഐ.സി.സി വനിതാ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ഏറ്റവും പുതിയ ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് മന്ദാന എത്തിയത്. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനം താരത്തിന് മുതല്‍ക്കൂട്ടാവുകയായിരുന്നു. ഏകദിന റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം ഏഴാമതെത്തുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം 111 റണ്‍സാണ് സ്മൃതി നേടിയത്. പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 91 റണ്‍സും നേടി.

അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വനിതകളുടെ ഏകദിന റാങ്കിങ്ങില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ താരം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. ടി-20 ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം ഉയര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ 14-ാമതാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്തിക ഭാട്ടിയ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 37-ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മക്കും നേട്ടമുണ്ടാക്കാനായി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം ഉയര്‍ന്ന ദീപ്തി 32-ാമതാണ്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 12-ാമതാണ്.

ടി-20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ രേണുക സിങ്, രാധ യാദവ് എന്നിവരും മുന്നോട്ട് കയറി. യഥാക്രമം 10, 14 റാങ്കിലാണ് രേണുക സിങ്ങും രാധ യാദവുമുള്ളത്.

Content Highlight: Smrithi Mandhan Top Rankings In T20 cricket