| Saturday, 6th August 2022, 5:49 pm

രോഹിത്, കോഹ്‌ലി, ഗംഭീര്‍ എല്ലാവരും മാറി നില്‍ക്കു; ഇവിടെ മന്ദാന ഭരിക്കും ! ഒരു ലോഡ് റെക്കോഡുമായി സ്മൃതി മന്ദാന

സ്പോര്‍ട്സ് ഡെസ്‌ക്

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ റെക്കോഡിന്റെ മേളവുമായി സ്മൃതി മന്ദാന. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് മന്ദാന നല്‍കിയത്.

അതിവേഗം സ്‌കോര്‍ ചെയ്ത മന്ദാന റെക്കോഡുകള്‍ തകര്‍ത്താണ് മുന്നോട്ട് നീങ്ങിയത്. വെറും 23ാം പന്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി വുമന്‍സ് ക്രിക്കറ്റില്‍ ഒരു താരം ട്വന്റി-20യില്‍ നേടുന്ന ഏറ്റവും വേഗത്തിലുള്ള അര്‍ധസെഞ്ച്വറിയും ഇതുതന്നെയാണ്.

24 പന്തില്‍ അര്‍ധസെഞ്ച്വറിയടിച്ച തന്റെ തന്നെ റെക്കോഡാണ് മന്ദാന തകര്‍ത്തത്. പവര്‍പ്ലേയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റെക്കോഡും മന്ദാന തിരുത്തി എഴുതിയിട്ടുണ്ട്. 50 റണ്‍സ് നേടിയ രോഹിത്തിന്റെ റെക്കോഡാണ് 51 റണ്‍സ് നേടിക്കൊണ്ട് അവര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഈ റെക്കോഡുകളോടൊപ്പം മറ്റൊരു റെക്കോഡ് കൂടെ അവര്‍ സ്വന്തമാക്കിയിരുന്നു. സേനാ രാജ്യങ്ങളില്‍, അതായത് സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കിയ ഇന്ത്യന്‍ ബാറ്ററായി മന്ദാന മാറി.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടൊപ്പമാണ് അവര്‍ ഈ റെക്കോഡ് പങ്കിട്ടത്. ഇരുവരും സേനാ രാജ്യങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ച്വറി വീതം നേടിയിട്ടുണ്ട്. മുന്‍ നായകന്‍ വിരാട് കോഹ്‌ലി ആറും ഗൗതം ഗംഭീര്‍ അഞ്ചും അര്‍ധസെഞ്ച്വറിയാണ് സേനാ രാജ്യങ്ങളില്‍ സ്വന്തമാക്കിയത്.

വുമന്‍സ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരത്തിലേക്കാണ് സ്മൃതി മന്ദാന നടന്നു നീങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ 32 പന്ത് നേരിട്ട് 61 റണ്‍സ് സ്വന്തമാക്കിയ മന്ദാനയുടെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സറുകളുമുണ്ടായിരുന്നു. ഇന്ത്യക്കായി ജെമിമാ റോഡ്രിഗസ് 44 റണ്‍സ് സ്വന്തമാക്കിയിരുന്നു.

Content Highlights: Smrithi Mandana broke Records of Rohit, Kohli, and Gambir’s Record

We use cookies to give you the best possible experience. Learn more