'ഷെട്ടാര്‍ ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്തിയവന്‍; സ്വന്തം മതത്തിനോടോ കുടുംബത്തോടോ നീതി പുലര്‍ത്താത്തവര്‍ ജനങ്ങളോട് നീതി പുലര്‍ത്തുമോ: സ്മൃതി ഇറാനി
Nationl News
'ഷെട്ടാര്‍ ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്തിയവന്‍; സ്വന്തം മതത്തിനോടോ കുടുംബത്തോടോ നീതി പുലര്‍ത്താത്തവര്‍ ജനങ്ങളോട് നീതി പുലര്‍ത്തുമോ: സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2023, 8:49 am

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്വന്തം കുടുംബത്തിന്റെയോ മതത്തിന്റെയോ പ്രത്യയ ശാസ്ത്രത്തിന്റെയോ ഭാഗമാവാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ജനങ്ങളോട് നീതി പുലര്‍ത്താന്‍ സാധിക്കുകയെന്നാണ് മന്ത്രി ചോദിച്ചത്.

സത്യമെന്താണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്തിയാണ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ധര്‍വാഡില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കുറച്ച് ദിവസം മുന്നെയാണ് ഒരു നേതാവ് നമ്മുടെ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നത്. പക്ഷെ സത്യമെന്താണെന്ന് പൊതുജനത്തിനറിയാം. സ്വന്തം കുടുംബത്തോടോ മതത്തോടോ പ്രത്യയശാസ്ത്രത്തോടോ നീതി പുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ഒരിക്കലും ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയില്ല.

നമ്മളേക്കാള്‍ വളരെ സീനിയറായ നേതാവാണയാള്‍. ബി.ജെ.പിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടിപ്പോള്‍ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും നിഴലായി നില്‍ക്കാനാണ് അദ്ദേഹത്തിന്റെ വിധി. ഞങ്ങള്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിച്ചിരുന്നു. പാര്‍ട്ടിയാണ് അദ്ദേഹത്തെ ഉയര്‍ത്തി കൊണ്ട് വന്നത്. എന്നിട്ടിപ്പോള്‍ അത്യാഗ്രഹം മൂത്ത് മറ്റൊരു പാര്‍ട്ടിയിലേക്കയാള്‍ കൂറുമാറി,’ സ്മൃതി ഇറാനി പറഞ്ഞു.

മേയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയത്. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ മുഖ്യപങ്ക് വഹിച്ച തന്നെ ബി.ജെ.പി നാണം കെടുത്തിയെന്നും ആത്മാഭിമാനം വ്രണപ്പെട്ടതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും ഷെട്ടാര്‍ പറഞ്ഞിരുന്നു.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും വീണ്ടും ഹുബ്ലിയില്‍ നിന്ന് തന്നെ ജനവിധി തേടുമെന്നും ഷെട്ടാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്വന്തം പാര്‍ട്ടിയെ ചതിച്ച ഷെട്ടാറിന് ജനങ്ങള്‍ മറുപടി കൊടുക്കുമെന്നായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ജഗദീഷ് ഷെട്ടാറിന് പുറമെ കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷമണ്‍ സാവഡിയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Content Highlight: smrithi irani talk slams jagadhish shettar