മോദിയോടുള്ള രാഹുലിന്റെ വെറുപ്പ് രാജ്യത്തെ അപമാനിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു: സ്മൃതി ഇറാനി
national news
മോദിയോടുള്ള രാഹുലിന്റെ വെറുപ്പ് രാജ്യത്തെ അപമാനിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു: സ്മൃതി ഇറാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 12:25 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. കര്‍ണാടക തെരഞ്ഞെടുപ്പിനിടെ നടത്തിയ പ്രസംഗത്തിലൂടെ മുഴുവന്‍ ഒ.ബി.സി വിഭാഗത്തെയും അപമാനിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് അവര്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിജയിക്കാനാകാത്തതിന്റെ നിരാശയിലാണ് രാഹുലെന്നും നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് രാജ്യത്തെ അപമാനിക്കുന്ന രീതിയിലേക്ക് വളര്‍ന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

പാര്‍ലമെന്റില്‍ വെച്ച് നരേന്ദ്ര മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് തന്റെ സ്വന്തം സ്റ്റേറ്റ്‌മെന്റിലെ പിഴവ് കണ്ടെത്താനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

‘രാഷ്ട്രീയത്തില്‍ എങ്ങുമെത്താത്തതിന്റെ നിരാശയാണ് രാഹുല്‍ ഗാന്ധിക്ക്. നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് രാജ്യത്തെ അപമാനിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. നരേന്ദ്ര മോദിയെ ആക്രമിക്കുന്നതിനിടക്ക് മുഴുവന്‍ ഒ.ബി.സി സമുദായത്തെയും ആക്രമിക്കുന്നത് ശരിയാണെന്നദ്ദേഹം കരുതി.

പാര്‍ലമെന്റില്‍ വെച്ച് മോദിക്കെതിരെ ആരോപണമുന്നയിച്ച ഗാന്ധിക്ക് പക്ഷെ സ്വന്തം സ്റ്റേറ്റ്‌മെന്റിലെ പിഴവ് എന്താണെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല. ഈ രാജ്യത്തെ ഒ.ബി.സിക്കാരായ എല്ലാ പൗരന്മാരെയും അപമാനിക്കാന്‍ ശ്രമിച്ചതിനാണ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്,’ സ്മൃതി ഇറാനി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും അപമാനിക്കാണ് ഗാന്ധി കുടുംബം ശ്രമിച്ചിട്ടുള്ളതെന്നും സ്മൃതി ഇറാനി പറഞ്ഞു.

‘ഇതാദ്യമായല്ല ഗാന്ധികുടുംബം ദളിത് കമ്മ്യൂണിറ്റിയെയും ന്യൂനപക്ഷ സമുദായത്തെയും അപമാനിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒരു ദളിത് വനിത പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ അവരെയും അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്.

നമ്മുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനായി ഏതറ്റം വരെയും പോകുമെന്നാണ് രാഹുല്‍ പറഞ്ഞത്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്ത് പോലും അതിനവര്‍ക്കായിട്ടില്ല. ജനങ്ങള്‍ക്ക് മോദിയോടുള്ള സ്‌നേഹം കൂടുകയാണുണ്ടായത്,’ സ്മൃതി ഇറാനി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ 2019ല്‍ കര്‍ണാടക പൊതുതെരഞ്ഞെടുപ്പിനിടെ നടത്തിയ മോദി പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.

Content Highlight: Smrithi irani says about rahul gandhi and congress