| Monday, 14th May 2018, 11:39 pm

ഒരിടത്തും ഉറയ്ക്കാതെ സ്മൃതി ഇറാനി; നിരന്തര വിവാദങ്ങളുമായി വകുപ്പ് മാറ്റം ഇത് രണ്ടാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള മൂന്നാമത്തെ മന്ത്രി സഭാ പുന:സംഘടനയാണ് ഇന്ന് നടന്നിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് തന്നെയാണ്.

ഇത് രണ്ടാം തവണയാണ് സ്മൃതി ഇറാനിയുടെ വകുപ്പുകള്‍ മാറ്റുന്നത്. അതും രണ്ട് സുപ്രധാന വകുപ്പില്‍ നിന്ന്. നിരന്തര വിവാദങ്ങളെ തുടര്‍ന്നാണ് ഈ മാറ്റം എന്നത്. ഏറെ ശ്രദ്ധേയമാണ്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്നപ്പോഴായിരുന്നു സ്മൃതി ഇറാനിയെ തല്‍ സ്ഥാനത്ത് നിന്ന് മാറ്റി ടെക്‌സ്റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതല നല്‍കിയത്.

ജെ.എന്‍.യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട് വിവാദങ്ങളായിരുന്നു അന്നത്തെ സ്ഥാന ചലനത്തിന് കാരണം. എന്നാല്‍ 2016 ല്‍ വാര്‍ത്താവിനിമയ വകുപ്പ് ഏറ്റെടുത്ത് കൊണ്ട് സ്മൃതി ഇറാനി വന്‍ തിരിച്ച് വരവാണ് നടത്തിയത്. മോദി മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്ന വെങ്കയാ നായിഡുവിനെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു അത്.


Also Read തെരഞ്ഞെടുപ്പ് രക്തത്തില്‍ കുതിര്‍ത്ത് തൃണമൂല്‍


എന്നാല്‍ ഈ കാലയളവില്‍ വന്‍ വിവാദങ്ങളാണ് ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഉണ്ടായത്. അതില്‍ ഏറ്റവും അവസാനത്തെത് ദേശീയ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ടതായിരുന്നു. ദേശീയ അവാര്‍ഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് 68 പുരസ്‌ക്കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കാനും എടുത്ത് സംഭവത്തില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് 68 ഓളം പേര്‍ ബഹിഷ്‌കരിച്ചത്.നേരത്തെ മുന്‍കൂട്ടി അറിയിച്ചിട്ടും അത് പുരസ്‌ക്കാര ജേതാക്കളെ അറിയിക്കാതിരുന്ന മന്ത്രാലയത്തിന്റെ നടപടിയില്‍ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഈ കാലയളവില്‍ പ്രസാര്‍ഭാരതി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. വ്യാജ വാര്‍ത്തകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം തയ്യാറാക്കിയ നിര്‍ദേശങ്ങളും വിവാദമായിരുന്നു.


Also Read ‘ജഡ്ജിയാവുന്ന ക്ലര്‍ക്ക്’; മജിസ്‌ട്രേറ്റ് അറിയാതെ രേഖകളില്‍ കൃത്രിമം കാണിച്ച് ക്ലര്‍ക്ക് പ്രതിയെ ‘വെറുതെ വിട്ടതായി’ പരാതി


ഇതിനെല്ലാം പുറമെ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നും ആരോപണമുണ്ടായി. മിനി സ്‌ക്രീന്‍രംഗം വിട്ടശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന സ്മൃതി ഇറാനി 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ല്‍ ബി.എ പൂര്‍ത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more