സുശാന്ത് സിങ് രജ്പുതിനോട് ആത്മഹത്യ ചെയ്യരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് മന്ത്രി സ്മൃതി ഇറാനി. സുശാന്ത് ആത്മഹത്യ ചെയ്ത ദിവസം താന്‍ ഒരു വീഡിയോ കോണ്‍ഫറന്‍സിലായിരുന്നുവെന്നും അത് തുടരാന്‍ സാധിക്കാതെ നിര്‍ത്തിവെച്ചുവെന്നും സ്മൃതി പറഞ്ഞു. നീലേഷ് മിശ്രക്ക് നല്‍കിയ അഭിമുഖത്തിലാണ് നിറ കണ്ണുകളോടെ സ്മൃതി സുശാന്തിനെ പറ്റി ഓര്‍ത്തെടുത്തത്.
‘ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. സുശാന്ത് മരിച്ച ദിവസം ഞാന്‍ ഒരു വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു. എനിക്കത് തുടരാനായില്ല. നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവനെന്താണ് എന്നെ വിളിക്കാത്തത് എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കേണ്ടതാണ്.
പെട്ടെന്ന് അവനെ പറ്റി പല ആശങ്കകളും ഉണ്ടായി. ഞാന്‍ സുഹൃത്തായ അമിത്തിനെ വിളിച്ച് സുശാന്തിനെ പറ്റി അന്വേഷിച്ചു. അവന് ജീവിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അമിത്തിന്റെ മറുപടി,’ സ്മൃതി പറഞ്ഞു.
ടെലിവിഷന്‍ താരങ്ങളായിരിക്കെ മുംബൈയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. 2017ല്‍ നടന്ന ഗോവ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലും സുശാന്തും സ്മൃതിയും ഒരുമിച്ച് പങ്കെടുത്തിരുന്നു.
2020ലാണ് മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ ശുശാന്ത് സിങ് രജ്പുതിനെ കണ്ടെത്തുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു.
Content Highlight: smrithi irani about sushanth sing rajputh