| Monday, 26th February 2024, 10:21 pm

ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതല്ല പ്രധാന ലക്ഷ്യം: ഇസ്രഈൽ ധനകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിനെയും എതിർക്കുമെന്ന് ഇസ്രഈലി ധനകാര്യ മന്ത്രി ബെസാലൽ സ്മോട്രിച്ച്.

ഇസ്രഈലി വാരിക ബിഷെവ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ഉടമ്പടിയുടെ ഭാഗമായി ഫലസ്തീനി തടവുകാരെ മോചിപ്പിക്കുന്നതിനെയും എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ചർച്ചകളിൽ നടക്കുന്നത് ശുദ്ധ അസംബന്ധമാണ്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരമാണ് ഉടമ്പടിയെങ്കിൽ ഞാൻ അതിനെതിരെ വോട്ട് ചെയ്യും. യുദ്ധത്തിന് മുൻഗണനകളുണ്ട്. ഒന്നാമതായി ഹമാസിനെതിരെയുള്ള വിജയം.

രണ്ടാമത്തെ ലക്ഷ്യമാണ് ബന്ദികളെ തിരികെ കൊണ്ടുവരുന്നത്,’ സ്‌മോട്രിച്ച് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയും സ്‌മോട്രിച്ച് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ബന്ദികളെ തിരികെ കൊണ്ടുവരുന്നത് പ്രധാനമാണെങ്കിലും അതല്ല ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഫലസ്തീനി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുന്നത് തീവ്രവാദികളെ തെരുവിലേക്ക് തുറന്നു വിടുന്നത് പോലെയാണെന്ന് സ്‌മോട്രിച്ച് ആരോപിച്ചു.

‘ഞങ്ങളെ സംബന്ധിച്ച്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല, അതിന് നൽകേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. തെരുവുകളിലേക്ക് തീവ്രവാദികളെ തുറന്നുവിടാൻ ഒരുക്കമല്ല. ഗിലാഡ് ശാലിറ്റിനെ മോചനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ നമ്മൾ ഇപ്പോൾ അനുഭവിക്കുകയാണ്,’ സ്‌മോട്രിച്ച് പറഞ്ഞു.

2011ൽ ഇസ്രഈലി സൈനികനായ ഗിലാഡ് ശാലിറ്റിനെ ഹമാസ് മോചിപ്പിച്ചതിന് പകരമായി 1,027 ഫലസ്തീനി തടവുകാരെ ഇസ്രഈൽ മോചിപ്പിച്ചിരുന്നു.

Content Highlight: Smotrich ‘will vote against’ freeing hostages in exchange for ending Gaza war

We use cookies to give you the best possible experience. Learn more