| Thursday, 2nd October 2014, 1:42 pm

ഗര്‍ഭകാലത്തെ പുകവലി ആണ്‍കുഞ്ഞിന് വന്ധ്യതയുണ്ടാക്കുമെന്ന് കണ്ടെത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഗര്‍ഭകാലത്ത് പുകവലിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരവും പുകവലിക്കുന്ന അമ്മയുടെ പാല്‍ കുടിക്കുന്നത് ആണ്‍കുഞ്ഞുങ്ങളില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും കണ്ടെത്തല്‍.

” ഗര്‍ഭാവസ്ഥയിലും കുഞ്ഞായിരിക്കുമ്പോഴുമുള്ള സിഗരറ്റിന്റെ പ്രഭാവം ആണ്‍കുഞ്ഞുങ്ങളില്‍ ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് തെളിയിക്കാന്‍ സാധിക്കുന്നത് ആദ്യമായാണ്. ” ഓസ്‌ത്രേലിയയിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഈലീന്‍ മെക്ലോഗിലിന്‍ പറഞ്ഞു.

എലികളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. മൂക്കിലേക്ക് പുക കടത്തിവിടുന്ന ഒരു മെഷീന്‍ ഗവേഷകര്‍ ഉണ്ടാക്കിയെടുത്തു. ഈ മെഷീന്‍ മൂക്കുകളില്‍ ഘടിപ്പിച്ച് 27 എലികളെ സജ്ജരാക്കി. ദിവസം 24 സിഗരറ്റ് വലിച്ചാലുണ്ടാകുന്നത്ര പുക മൂക്കിലേക്ക് കടത്തിവിട്ടു. മറ്റ് 27 എലികളെ സാധാരണ ശ്വാസം എടുക്കാനും സജ്ജരാക്കി.

ഈ എലികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പരിശോധനാ വിധേയമാക്കി.

” പുകവലിക്കുന്ന അമ്മമാരുടെ കുട്ടികളുടെ ബീജത്തിന്റെ എണ്ണം കുറയുന്നുണ്ടെന്നായിരുന്നു ഞങ്ങളുടെ കണ്ടെത്തല്‍. ഇവയിലെ ബീജത്തിന്റെ ചലനവേഗതയും കുറവായിരുന്നു. ഇവയുടെ ആകൃതിയും സാധാരണ ബീജത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ബീജസങ്കലന സമയത്ത് ഈ ബീജങ്ങള്‍ അണ്ഡവുമായി കൂടിച്ചേരുന്നതില്‍ പരാജയപ്പെടുന്നു. സ്വാഭാവികമായും ഈ എലികള്‍ വളരുമ്പോള്‍ വന്ധ്യതരാവും” മെക്ലോഗിലിന്‍ വ്യക്തമാക്കി.

പഠനം നടന്നത് എലികളിലാണെങ്കിലും മനുഷ്യനിലും സമാനമായ പ്രഭാവമാണ് സിഗരറ്റ് സൃഷ്ടിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഹ്യൂമണ്‍ റീപ്രൊഡക്ഷന്‍ എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

We use cookies to give you the best possible experience. Learn more